പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു; അമേരിക്കയിൽ ഇന്ത്യൻ വംശജനായ യുവാവ് പിടിയിൽ


പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ 31-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയദീപ് പട്ടേൽ ആണ് അമേരിക്കയിൽ പിടിയിലായത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് 1200 ഓളം അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയെന്നാണ് വിവരം.

സമൂഹമാധ്യമങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിൻ്റെ ചിത്രങ്ങളും വീഡിയോകളും വന്നതോടെ കഴിഞ്ഞ വർഷമാണ് ജയദീപിലേക്ക് അന്വേഷണം എത്തുന്നത്. നിരവധി സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇയാളുടെ ഫോൺ നമ്പർ കണ്ടതോടെയാണ് അന്വേഷണം എത്തിയത്. പ്രതി സമൂഹമാധ്യമങ്ങളിൽ അയച്ച പല സന്ദേശങ്ങളുടെയും വിവരങ്ങൾ പൊലീസിന് ലഭ്യമായി. അന്വേഷണത്തിനിടെ പട്ടേലിൻ്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയ ദൃശ്യങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കൊപ്പം പട്ടേലിൻ്റേതെന്ന് തോന്നിക്കുന്ന ദൃശ്യങ്ങൾ കൂടി കണ്ടതോടെയാണ് പട്ടേലിനെ കസ്റ്റഡിയിലെടുത്തത്.

ജാമ്യം ലഭിക്കണമെങ്കിൽ ഒരു ലക്ഷം ഡോളർ ജയദീപ് കെട്ടിവെക്കണമെന്നാണ് ഫീനിക്സിലെ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ തുക കെട്ടിവച്ചാലും കുറ്റവിചാരണ തീരുന്നത് വരെ പട്ടേലിന് പലവിധ നിയന്ത്രണങ്ങളുണ്ടാകും. പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെടുന്നതിൽ നിന്നുള്ള വിലക്ക്, നിരന്തര നിരീക്ഷണം, സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുള്ള നിയന്ത്രണവും കോടതി ഏർപ്പെടുത്തും.

ഫീനിക്സിലെ ചിൽഡ്രൻസ് ആശുപത്രിയിൽ മുൻപ് ബിഹേവിയറൽ ഹെൽത്ത് ടെക്നീഷ്യനായിരുന്നു ഇയാൾ. ജയദീപ് പട്ടേലിനെ ജോലിക്കെടുക്കും മുൻപ് വിശദമായി വ്യക്തിയെ കുറിച്ച് അന്വേഷിച്ചിരുന്നു എന്നാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് പൊലീസിന് ലഭിച്ച മറുപടി.

أحدث أقدم