മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീമരിച്ച സംഭവം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

കോഴിക്കോട്: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീമരിച്ച സംഭവത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗം നടത്തി. അങ്കമാലിയിൽ മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. 

 ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധം പലയിടത്തും കലാശിച്ചു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. മാർച്ചിന് നേരെപൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പാലക്കാട് ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും പൊലീസ് ലാത്തിവീശി. 

മട്ടന്നൂരിൽ യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. വയനാട് ഡിഎംഒ ഓഫിസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ‌ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് വിവിധ ഇടങ്ങളിൽ പ്രതിഷേധിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. മന്ത്രി വീണാ ജോർജിന്റെ പത്തനംതിട്ട കൊടുമണിലെ വീട്ടിലേക്ക് ബിജെപി പ്രവർത്തകരും മാർച്ച് നടത്തി.


أحدث أقدم