എം.വിൻസെന്റ് എംഎൽഎയ്ക്കും ഭാര്യയ്ക്കും ബാലരാമപുരം ഇടമലക്കുടി വാർഡിലാണ് വോട്ട്. എന്നാൽ രണ്ട് മക്കളുടെ പേര് ടൗൺ വാർഡിലെ വോട്ടർപട്ടികയിലാണ്. പാറശ്ശാലയിൽ ഭർത്താവിന്റെ വോട്ട് ടൗൺ വാർഡിലും ഭാര്യയുടെ വോട്ട് മുര്യങ്കര വാർഡിലുമായിട്ടാണ് വന്നിട്ടുള്ളത്. ടൗൺ വാർഡിൽ ഇത്തരം നിരവധി പരാതികളുണ്ട്.
പോത്തൻകോട് പഞ്ചായത്തിലെ വാവറയമ്പലം ഈസ്റ്റ് വാർഡിൽ ചേർന്നുവരുന്ന വാവറയമ്പലം ജങ്‌ഷൻ ഭാഗം ഒഴിവാക്കി. ബാക്കി തുടർച്ചയില്ലാതെ മറ്റൊരു സ്ഥലത്താണുള്ളത്. അതിർത്തിയില്ലാതെ പരസ്പരം ബന്ധമില്ലാത്ത ഭൂപ്രദേശങ്ങളാണ് നാലാം വാർഡിലും അഞ്ചാം വാർഡിലും വരുന്നത്. അഴൂർ പഞ്ചായത്തിലെ വോട്ടർപട്ടികയിൽ പലവാർഡുകളിലും വോട്ടർമാർ വ്യാപകമായി വെട്ടി മാറ്റപ്പെട്ടതായാണ് പരാതികൾ. വാർഡിന്റെ അതിർത്തിയുമായി ഒരുബന്ധവും ഇല്ലാത്ത ചെട്ടിയാർമുക്ക് ഭാഗത്തെ 35 കുടുംബങ്ങളെക്കൂടി ഗാന്ധിസ്മാരകം വാർഡിൽ ചേർത്തു. മാടൻവിളയിൽ നിന്നും കൊട്ടാരം തുരുത്തിലേക്കും ഇത്തരത്തിൽ 50- ഓളം വോട്ടർമാരെ വെട്ടിമാറ്റിയതായും ആരോപണമുണ്ട്.