രാവിലെ വെള്ളം കോരിയ കിണർ,10 മണിക്ക് കാണാനില്ല.. വീട്ടുമുറ്റത്തെ കിണർ അപ്രത്യക്ഷമായി..ആശങ്ക..


        
മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ പഞ്ചായത്തിൽ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണർ ഇടിഞ്ഞു താണു. എട്ടാം വാര്‍ഡ് പത്തമ്പാട് പാണര്‍തൊടുവില്‍ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറാണ് പൊടുന്നനെ അപ്രത്യക്ഷമായത്. രാവിലെ പത്ത് മണിയോടെ വീട്ടുകാരി പുറത്തിറങ്ങിയപ്പോഴാണ് കിണര്‍ അപ്രത്യക്ഷമായത് ശ്രദ്ധയില്‍പ്പെട്ടത്. രാവിലെ വെള്ളം കോരിയ കിണറാണ് കൺ മുന്നിൽ നിന്നും അപ്രത്യക്ഷമായത്. ഇതോടെ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലായി.

കുഞ്ഞാലിയുടെ അയല്‍വാസിയായ വരിക്കോടത്ത് ഷാജിദിന്‍റെ മതിലിനും കിണറിന്റെ പരിസരത്തും കേടുപാടുകള്‍ ഉണ്ട്. ഉടന്‍ തന്നെ ഇവർ പരിസരവാസികളെയും പഞ്ചായത്തിനെയും ജിയോളജി വിഭാഗത്തേയും വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി ഉടന്‍ സ്ഥലത്തെത്തി.

സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ ജിയോളജി വിഭാഗത്തോട് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടുമുറ്റത്തുണ്ടായിരുന്ന ഏഴ് മീറ്ററോളം ആഴമുള്ള കി താഴ്ന്നിറങ്ങിയതും തൊട്ടടുത്ത വീട്ടിലെ കിണറിനും ചെറിയ തോതില്‍ തകരാറുകള്‍ സംഭവിച്ചതും പരിസരവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കൂടുതല്‍ അപകടങ്ങള്‍ വരാതിരിക്കുന്നതിനായി കിണര്‍ മണ്ണിട്ട് നികത്തിയിരിക്കുകയാണ്.


Previous Post Next Post