സ്കൂൾ വാർഷിക അവധിയിൽ മാറ്റം.. അന്തിമ തീരുമാനം വിശദമായ ചര്‍ച്ചയ്ക്ക് ശേഷം…


സ്കൂള്‍ അവധി കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയം പരിശോധിക്കാനായി നിയോഗിച്ച സമിതി എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേള്‍ക്കുമെന്നും കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന പരിപാടിയില്‍ മന്ത്രി വ്യക്തമാക്കി. സ്കൂള്‍ അവധിക്ക് കടുത്ത ചൂടുള്ള മെയ് മാസവും കൂടുതല്‍ മഴയുള്ള ജൂണ്‍ മാസവും പരിഗണിക്കാമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ മന്ത്രിക്ക് മുന്നില്‍ നിര്‍ദ്ദേശം വയ്ക്കുകയും ചെയ്തു.

മഴ മൂലം ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഏറെ പ്രവൃത്തി ദിനങ്ങള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ മധ്യവേനല്‍ അവധി മഴക്കാല അവധിയാക്കുന്നതു സംബന്ധിച്ച ആലോചന വിദ്യാഭ്യാസ മന്ത്രി തന്നെയായിരുന്നു തുടങ്ങിവെച്ചത്. മന്ത്രിയുടെ നിര്‍ദ്ദേശത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നു. ഇതോടെയാണ് ഇക്കാര്യം വിശദമായി പരിശോധിക്കാനായി ഒരു സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം ഉള്‍ക്കൊണ്ടായിരിക്കും തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സ്കൂള്‍ സമയ മാറ്റ കാര്യത്തില്‍ ഇരു വിഭാഗം സമസ്തയുടെയും എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയ ശേഷം ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രി കാരന്തൂര്‍ മര്‍ക്കസിലെത്തിയത്. സമയമാറ്റ വിഷത്തില്‍ ഇ കെ വിഭാഗം സമസ്ത ഇപ്പോഴും പ്രതിഷേധത്തിലുമാണ്. നേമത്ത് ബിജെപിയെ തോല്‍പ്പിച്ച താന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നയാളാണെന്ന് വ്യക്തമാക്കിയ ശിവന്‍കുട്ടി എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലകളോട് തനിക്ക് തുല്യ സ്നേഹമാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, സമയമാറ്റ കാര്യത്തില്‍ മന്ത്രി ചടങ്ങില്‍ പ്രതികരണം നടത്തിയതുമില്ല.


Previous Post Next Post