
മോഷണക്കുറ്റം ആരോപിച്ച് 11കാരനെ പൊളളലേൽപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവുശിക്ഷയ്ക്ക് വിധിച്ച് കോടതി. ബന്ധുവായ സ്ത്രീയുടെ പണമടങ്ങിയ പേഴ്‌സ് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് അയൽവാസിയായ കുട്ടിയുടെ ഇരുകൈകളും തുണികൊണ്ട് കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഇക്കാര്യം മറച്ചുവെച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുളത്തൂർ, പൊഴിയരിലെ തങ്കപ്പൻ്റെ മകൻ ടൈറ്റസ് എന്നു വിളിക്കുന്ന ജോർജ് ടൈറ്റസിനാണ് തിരുവനന്തപുരം അഡീഷണൽ കോടതി 20 വർഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചത്. 2014 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ബന്ധുവായ സ്ത്രീയുടെ പണം അടങ്ങിയ പേഴ്സ് കുളിക്കടവിൽ വച്ച് കാണാതായത് ഈ കുട്ടിയാണ് എടുത്തതെന്ന് ആരോപിച്ചാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ ഇരുകൈകളും തുണിക്കൊണ്ട് കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. പ്രതിയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചുവെങ്കിലും പ്രതി പിന്തിരിഞ്ഞില്ല. കുട്ടിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പ്രതികൂടി അവരോടൊപ്പം ആശുപത്രിയിൽ പോകുകയും ചെയ്തു. എന്നാൽ മണ്ണെണ്ണ വിളക്ക് ചരിഞ്ഞാണ് പെള്ളലേറ്റതെന്ന് ഡോക്‌ടറോട് പറയുകയായിരുന്നു.
യഥാർഥ സംഭവം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടിയും വീട്ടുകാരും പ്രതിയോടുള്ള ഭയം കാരണം യഥാർഥ സംഭവം പുറത്തു പറഞ്ഞില്ല. നാലു മാസത്തോളം കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എഴുപതു ദിവസം കഴിഞ്ഞശേഷം കുട്ടിയെ ഒറ്റയ്ക്കാക്കി അമ്മ വീട്ടിൽ പോയ സമയത്ത് അടുത്ത ബെഡ്ഡിൽ കിടന്ന രോഗിയോട് കുട്ടി യഥാർഥ സംഭവം വെളിപ്പെടുത്തുകയും അവർ ചൈൽഡ് ലൈനിൽ ഈ സംഭവം അറിയിക്കുകയുമായിരുന്നു. കുട്ടിക്ക് ഇപ്പോഴും രണ്ട് കൈയ്യും നിവർത്താൻ സാധിക്കില്ല. മുഖവും നെഞ്ചും പെള്ളലേറ്റു വികൃതമായി. അതിസമ്പന്നനായ പ്രതിയുടെ ഭീഷണി തരണം ചെയ്‌താണ് കുട്ടി കോടതിയിൽ മൊഴി നൽകിയത്.