സംസ്ഥാനത്തുടനീളം ഓണവിപണിയുമായി കൃഷിവകുപ്പ്; സെപ്റ്റംബർ ഒന്നു മുതൽ 2000 കർഷക ചന്തകൾ


ഓണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2000 കർഷക ചന്തകളുമായി കൃഷിവകുപ്പ്. 2025 സെപ്റ്റംബർ ഒന്നു മുതൽ നാലുവരെയുള്ള നാല് ദിവസങ്ങളിലായാണ് കർഷക ചന്തകൾ പ്രവർത്തിക്കുക. കഴിഞ്ഞ വർഷം 1956 കർഷകചന്തകൾ വിജയകരമായി നടപ്പിലാക്കതി​ന്റെ ആത്മവിശ്വാസത്തിലാണ് ഇക്കൊല്ലം കൂടുതൽ ശക്തമായ ആസൂത്രണത്തോടെ കർഷക ചന്തകൾ സംഘടിപ്പിക്കുന്നത്.

കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്, VFPCK എന്നിവയുടെ ഏകോപനത്തോടെയാണ് ഈ ചന്തകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്/ കോർപ്പറേഷൻ/ മുനിസിപ്പാലിറ്റി തലത്തിൽ നടക്കുന്ന കർഷക ചന്തകളിൽ 1076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി.എഫ്.പി.സി.കെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കും.

കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കിയും പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ പൊതുവിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയുമാണ് കർഷകച്ചന്തകൾ സംഘടിപ്പിക്കുന്നതിലൂടെ കൃഷി വകുപ്പും സർക്കാരും ലക്ഷ്യമിടുന്നത്. കർഷകരിൽ നിന്ന് 10% അധിക വില നൽകി പച്ചക്കറികൾ സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 30% കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും.

ജൈവപച്ചക്കറികൾ, ഉത്തമ കൃഷിമുറകൾ (Good Agricultural Practices (GAP)) പരിപാലിച്ച് ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ എന്നിവ 20% അധികവില നൽകി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 10% കുറച്ച് വിൽപന നടത്തുകയും ചെയ്യും. ഇതിനായി 13 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത ഉരുളകിഴങ്ങ്, ഉള്ളി പോലുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കുന്നതിന് ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് ഓണ വിപണിയിൽ വിലക്കയറ്റം തടയുന്ന തരത്തിൽ ആവശ്യമായ പച്ചക്കറികൾ സംഭരിച്ച് വിതരണം ചെയ്യുന്ന നടപടികളാണ് കൈക്കൊള്ളുന്നത്.

മഴ കേരളത്തിനകത്തും പുറത്തും പച്ചക്കറി ലഭ്യതയെ ബാധിച്ചേക്കാമെന്ന ആശങ്ക കണക്കിലെടുത്ത് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ സമാഹരണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുവാൻ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭ്യമായ പച്ചക്കറിയുടെ വിശദാംശങ്ങൾ ശേഖരിക്കുയും ലഭ്യതയുടെ തോതനുസരിച്ച് വിതരണം നടത്തുകയും ചെയ്യും. വിപണികളിൽ ഓണത്തിനാവശ്യമായ എല്ലാവിധ പച്ചക്കറികളുടേയും ലഭ്യത ഉറപ്പാക്കുന്ന വിധമായിരിക്കും സംഭരണ ക്രമീകരണങ്ങൾ ഒരുക്കുക.

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെഭാഗമാക്കിയ കേരളത്തിൽ കർഷകർ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന 4000-ത്തോളം ഉൽപ്പന്നങ്ങൾ നിലവിലുണ്ടെന്നത് വകുപ്പിന്റെ ഒരു വലിയ നേട്ടമാണ്. ഇന്റെലെക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ് ആക്ട് പ്രകാരം കേരളഗ്രോ ബ്രാൻഡിൽ ഏതാണ്ട് 2000 ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. കേരളഗ്രോ ഗ്രീൻ, കേരളഗ്രോ ഓർഗാനിക് എന്നിങ്ങനെ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള കർഷകരുടെ ഉൽപ്പന്നങ്ങളും ഇത്തവണ ലഭ്യതക്കനുസരിച്ച് ഓണവിപണികളിൽ ലഭ്യമാക്കും. കൃഷി വകുപ്പ് ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും കർഷക ചന്തയുടെ ഭാഗമായി വിൽപന നടത്തുന്നതിന് സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ കേരളത്തിലെ ഓണ വിപണികൾ സജ്ജീവമാക്കാനുള്ള സമഗ്ര പ്രവർത്തനങ്ങൾ കൃഷി വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്., കേരഫെഡ് മാനേജിങ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ ഐ.ഇ.എസ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
أحدث أقدم