
കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. 4 പേർക്ക് പരുക്കേറ്റ അപകടത്തിൽ 2 പേർ മരിച്ചു. കല്ലായിൽ നിന്നു സൗത്ത് ബീച്ചിലേക്ക് പോയ ബൈക്കും എതിരെ വന്ന സ്കൂട്ടറുമാണ് ഇടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ കല്ലായി കട്ടയാട്ട്പറമ്പ് പള്ളിക്കു സമീപം ഫാത്തിമ കോട്ടേജിൽ ആർ.എം.അഫ്ന (20), സുഹൃത്ത് മാങ്കാവ് കാളൂർ റോഡ് പറമണ്ണിൽ മഹൽ (23) എന്നിവർ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ മഹൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്നലെ രാവിലെയായിരുന്നു മരണം.
അതേസമയം അഫ്ന സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ പരുക്കേറ്റ അത്തോളി സ്വദേശി യാസിൻ (28), സ്കൂട്ടർ യാത്രക്കാരനായ പാലക്കാട് മണ്ണാർക്കാട് സ്വദേശി കണ്ണമംഗലം കളത്തിൽ ഷാഫി (42) എന്നിവരെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇടിയുടെ ആഘാതത്തിൽ അഫ്ന ബൈക്കിൽ നിന്നു തെറിച്ചു വീണു സമീപത്തെ വൈദ്യുത തൂണിൽ തല ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഫ്നയും മഹലും മാങ്കാവ് ഇൻസ്റ്റ മാർട്ട് ജീവനക്കാരാണ്. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ചക്കുംകടവ് സ്വദേശി ഹംസക്കോയയുടേയും തണ്ണിച്ചാൽ റഷീദയുടെയും മകളാണ് അഫ്ന. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.