സ്വർണം വാങ്ങിയ ശേഷം ജ്വല്ലറിയിൽ നിന്നും മടങ്ങി... പക്ഷെ 2 വയസ്സുള്ള മകളെ തിരികെ കൊണ്ടുപോകാൻ മറന്നു.. തുടർന്ന് നടന്നത് വമ്പൻ ട്വിസ്റ്റ്





ഹാസൻ : സ്വർണം വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി തന്റെ രണ്ട് വയസുള്ള കുഞ്ഞിനെ ജ്വല്ലറിയിൽ മറന്നുവെച്ചു. മൈസൂരു ഹാസനിലാണ് സംഭവം. ഹാസനിലെ ഗാന്ധിബസാറിൽ രണ്ടുവയസുകാരിയായ മകളുമായി എത്തിയ യുവതി കുട്ടിയെ റിസപ്ഷൻ കൗണ്ടറിന് മുൻപിലിരുത്തി സ്വർണം തിരഞ്ഞെടുക്കാൻ തുടങ്ങി. തുടർന്ന് പർച്ചേസിങ് കഴിഞ്ഞ ശേഷം കുട്ടി ഒപ്പമുണ്ടായിരുന്ന കാര്യം മറന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

വീട്ടിൽ ചെന്നപ്പോഴാണ് മകളുടെ കാര്യം ഓർമ്മ വന്നത്. ഇതോടെ വീടിന് സമീപമുള്ള പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകുകയും ചെയ്‌തു. അമ്മയെ കാണാതായതോടെ ഭയന്ന കുഞ്ഞ് ജ്വല്ലറിക്ക് പുറത്തെത്തി കരയാൻ തുടങ്ങി. ഇതുകണ്ട അവിടേക്ക് വന്ന ഭവാനിയെന്ന സ്ത്രീ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ഭക്ഷണം വാങ്ങി നൽകാൻ കൂട്ടിക്കൊണ്ട് പോകുകയും ചെയ്‌തു.

ഈ സമയം കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസുകാർ ജ്വല്ലറിയിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ ഒരു സ്ത്രീ കുട്ടിയുമായി പോകുന്നത് കണ്ട അവർ കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് കരുതി അന്വേഷണം വ്യാപിപ്പിച്ചു. ഇതേ സമയം ഭവാനി ഭക്ഷണം വാങ്ങി നൽകിയ ശേഷം കുട്ടിയെ ഹാസൻ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കുട്ടിയെ തിരികെ ലഭിച്ച വിവരം അറിഞ്ഞ പോലീസ് അമ്മയെ വിളിച്ചുവരുത്തുകയും 2 വയസുകാരിയെ കൈമാറുകയും ചെയ്തു.
Previous Post Next Post