സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ച് കേരള സംസ്ഥാന സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് (സിഎസ്ഇബി). പത്താം ക്ലാസ് + ഡിപ്ലോമ / ഡിഗ്രി + ജെഡിസി / എച്ച്ഡിസി തുടങ്ങിയ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ആകെ 253 ഒഴിവുകളാണ് വിവിധ തസ്തികകളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സെക്രട്ടറി തസ്തികയില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് തസ്തികയില്‍ 12 ഒഴിവുകളും ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ 228 ഒഴിവുകളും ആണ് ഉള്ളത്.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ മൂന്നും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഏഴും ടൈപ്പിസ്റ്റ് തസ്തികയില്‍ രണ്ടും ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകരുടെ പ്രായപരിധി 18 വയസിനും 40 വയസിനും ഇടയിലായിരിക്കണം. 2025 ജനുവരി ഒന്ന എന്ന തിയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ബാധകമാണ്.എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് 45 വയസ്, ഒ ബി സി / സൈനികര്‍ / ഇ ഡബ്ല്യു എസ് വിഭാഗങ്ങള്‍ക്ക് 43 വയസ്, ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് 50 വയസ്, വിധവകള്‍ക്ക് 45 വയസ് എന്നിങ്ങനെയാണ് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.