കോണ്‍ഗ്രസിന് വേണ്ടാത്ത സാധനങ്ങള്‍ വലിച്ചെറിയാനുള്ള ചവറ്റുകൊട്ടയല്ല പാലക്കാട്…


മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി. കോണ്‍ഗ്രസ് സ്വീകരിച്ച നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ബിജെപി നിലപാട്. കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവി മാത്രം രാജിവച്ചതുകൊണ്ട് രാഹുലിനെതിരായ പ്രതിഷേധം അവസാനിക്കില്ലെന്നും ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് വേണ്ടാത്ത സാധനങ്ങള്‍ വലിച്ചെറിയാനുള്ള ചവറ്റുകൊട്ടയല്ല പാലക്കാടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാണ്. ഇന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പാലക്കാട് പ്രതിഷേധം സംഘടിപ്പിക്കും. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇന്ന് പുറത്തുവന്നേക്കുമെന്നുള്ള സൂചനകളുമുണ്ട്.

ആരോപണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പടിയിറക്കത്തില്‍ എത്തിച്ചത്. ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍.
Previous Post Next Post