പത്തനംതിട്ടയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവാവിൻറെ ശരീരത്തിൽ കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ് ചോര വാർന്ന നിലയിലാണ് മൃതദേഹം. പത്തനംതിട്ട കൂടലിൽ ഇന്ന് രാവിലെയാണ് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂടൽ സ്വദേശി രാജൻ (40) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ അയൽവാസി അനിൽ ഒളിവിൽ പോയി. രാജൻറെ അയൽവാസിയായ അനിൽ ആണ് കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. രാജൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. രാജനും അനിലും മദ്യലഹരിയിൽ വഴക്കിട്ടശേഷമുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇരുവരും രാത്രി വീട്ടിൽ വെച്ച് മദ്യപിച്ചശേഷം വഴക്കുണ്ടായതാണ് പ്രാഥമിക വിവരം. ഇതിനുപിന്നാലെ തർക്കത്തിനിടെ അനിൽ രാജനെ കുത്തിയതാണെന്നാണ് സംശയമെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.