സുപ്രധാന ബില്ലുമായി കേന്ദ്രസർക്കാർ... ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രിയാണെങ്കിലും അധികാരം നഷ്ടമാകും...






ന്യൂഡൽഹി : ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്ന ജനപ്രതിനിധികളെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നത് ഉറപ്പാക്കുന്നതിനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മന്ത്രിമാർ എന്നിവർ ഈ നിർദ്ദിഷ്ട നിയമത്തിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ഭരണഘടന പ്രകാരം, ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ മാത്രമേ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അതിനാൽ, പുതിയ നിയമത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

തുടർച്ചയായി 30 ദിവസം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വച്ചിരിക്കുന്ന പ്രധാനമന്ത്രി, ഏതെങ്കിലും കേന്ദ്ര മന്ത്രി, മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മന്ത്രിമാർ എന്നിവർ 31-ാം ദിവസത്തിനുള്ളിൽ രാജിവയ്ക്കുകയോ സ്വയമേവ നീക്കം ചെയ്യപ്പെടുകയോ ചെയ്യേണ്ടിവരും എന്നാണ് നിർദ്ദിഷ്ട നിയമം പറയുന്നത്. അതേസമയം, അഞ്ചോ അതിലധികമോ വർഷം ശിക്ഷ ലഭിക്കുന്ന കേസുകളിൽ പ്രതിയാകുന്ന മന്ത്രിമാർക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോർട്ട്. മന്ത്രിമാർക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബിൽ എന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം.

30 ദിവസം തുടർച്ചയായി കസ്റ്റഡിയിൽ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രിമാർ ഗവർണർക്ക് ശുപാർശചെയ്യണം. തുടർന്ന് ഗവർണർമാർ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവർ മന്ത്രിമാരല്ലാതാകും. മൂന്ന് സുപ്രധാനബില്ലുകളാണ് സഭയിലെത്തുക. 130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് ഇതിനായി അവതരിപ്പിക്കുക.

എന്നാൽ, ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി കഴിഞ്ഞാൽ വീണ്ടും ഈ സ്ഥാനത്ത് എത്താൻ മറ്റ് തടസ്സങ്ങൾ ഉള്ളതായി ഈ ബില്ലിൽ പറയുന്നില്ല. നേതാക്കൾ ജനങ്ങൾക്ക് മാതൃകയാകേണ്ടവരാണ്. ഇത്തരക്കാർ ജയിലിൽ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സർക്കാരിന്റെ വാദം. ഗുരുതരമായ ക്രിമിനൽ കുറ്റാരോപണങ്ങൾ നേരിട്ട് ഒരു മന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ ധാർമികതയെ ദുർബലപ്പെടുത്തുമെന്നു മാണ് ബില്ലുമായി ബന്ധപ്പെട്ട് നൽകുന്ന വിശദീകരണം.

കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാർ (ഭേദഗതി) ബിൽ 2025, ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി) ബിൽ 2025, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025 എന്നിവയും പാർലമെന്ററി കമ്മിറ്റിക്ക് കൈമാറും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിൽ ഈ പ്രമേയം അവതരിപ്പിക്കും.
أحدث أقدم