മരിച്ചതിനാൽ വോട്ടർപട്ടികയിൽനിന്ന്‌ നീക്കംചെയ്യണമെന്ന് പരാതി; നോട്ടീസ് ഏറ്റുവാങ്ങിയത് ‘പരേത’തന്നെ…




നാദാപുരം : മരിച്ചതിനാൽ വോട്ടർപട്ടികയിൽനിന്ന് പേരുവെട്ടാനായുള്ള പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരിൽനിന്ന് നോട്ടീസ് ഏറ്റുവാങ്ങിയത് ‘പരേത’തന്നെ. നാദാപുരത്താണ് അപൂർവസംഭവം നടന്നത്.

നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംവാർഡിൽ കല്ലുള്ളതിൽ കല്യാണി മരിച്ചതിനാൽ ഇവരുടെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രാദേശികനേതാവ് പരാതിനൽകിയിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് സെക്രട്ടറി തയ്യാറാക്കിയ നോട്ടീസുമായെത്തിയ ഉദ്യോഗസ്ഥരിൽനിന്ന് നോട്ടീസ് കല്ല്യാണിതന്നെ കൈപ്പറ്റുകയായിരുന്നു.

ഇതോടെ വോട്ട് ചേർക്കലിലും തള്ളലിലും ഇരുമുന്നണികളും കൊമ്പുകോർത്തിരുന്ന നാദാപുരത്ത് എൽഡിഎഫിനെതിരേ യുഡിഎഫ് വീണ്ടും രംഗത്തെത്തി. ഇരുപത്തിയൊന്നാം വാർഡിലെ ടി.വി. സുഹൈല എന്ന വോട്ടർക്ക് പതിനെട്ടാം വാർഡിൽ ഭാഗം ഒന്നിൽ ക്രമനമ്പർ 182 പ്രകാരം വോട്ടുണ്ടെന്ന് പരാതിനൽകിയതാണ് മറ്റൊരുസംഭവം. പരാതിയിൽപ്പറയുന്ന പതിനെട്ടാം വാർഡിലെ ക്രമനമ്പർ 182 സുഹൈലയല്ലെന്ന് യുഡിഎഫ് ആരോപിച്ചു.

വ്യാജ രേഖകൾ നൽകി നാദാപുരം പഞ്ചായത്തിലെ വോട്ടർമാരെ പട്ടികയിൽനിന്ന് ഇല്ലാതാക്കാനുള്ള സിപിഎം നീക്കം പരാജയഭീതി കൊണ്ടാണെന്ന് യുഡിഎഫ് ആരോപിച്ചു. വോട്ടുകൾ വ്യാജ പരാതി നൽകി നീക്കംചെയ്യിക്കാനുള്ള ശ്രമത്തെയും ജീവിച്ചിരിക്കുന്നവർ മരിച്ചു എന്ന് ആക്ഷേപിക്കുന്നതിനെതിരേയും കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് യുഡിഎഫ് കൺവീനർ കെ.എം. രഘുനാഥ് പറഞ്ഞു.
أحدث أقدم