മഹാത്മാഗാന്ധിയുടെ പ്രതിമയിൽ റീത്ത് വെച്ച് ബി.ജെ.പി. പ്രവർത്തകർ; പോലീസിൽ പരാതി നൽകി കോൺഗ്രസ്


മലപ്പുറം എടക്കരയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ റീത്ത് വെച്ച് ബി.ജെ.പി. പ്രവർത്തകർ. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഗാന്ധി പ്രതിമയിൽ റീത്ത് വെച്ചത്.

റീത്ത് വെച്ചത് പുഷ്പാർച്ചന നടത്തിയതാണെന്നാണ് ബി.ജെ.പി.യുടെ വിശദീകരണം. എന്നാൽ, ഇത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് കോൺഗ്രസും ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. എടക്കര കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി. ഷാഹുൽ ഹമീദാണ് പോലീസിൽ പരാതി നൽകിയത്.

സംഭവത്തിന് പിന്നാലെ ഗാന്ധി പ്രതിമ വൃത്തിയാക്കിയാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. രാഷ്ട്രീയ നേതാക്കളുടെ മരണാനന്തര ചടങ്ങുകളിലാണ് സാധാരണയായി റീത്ത് വെക്കാറുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി.യുടെ നടപടി വിവാദമായത്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post