ആലപ്പുഴ: ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ വിദ്യാർഥിയെ ബസ് ഇടിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കെഎസ് ആർടിസി സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറാണ് യുവാവിനെ അപകടപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. കോതമംഗലത്ത് പഠിക്കുന്ന യദുകൃഷ്ണൻ എന്ന വിദ്യാർഥിയുടെ ദേഹത്തേക്കാണ് തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ചെളിവെള്ളം തെറിപ്പിച്ചത്. . അരൂരിലെ ഒരു സ്വകാര്യ ഹിറ്റലിന്റെ മുൻപിൽ വെച്ചായിരുന്നു സംഭവം നടന്നത്.
ഇരുചക്രവാഹനത്തിൽ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്ന യദുകൃഷ്ണന്റെ വസ്ത്രമാസകാലം ചെളി പുരണ്ടതിനാൽ കോളജിലേക്ക് പോകാൻ കഴിഞ്ഞില്ല. ഇതോടെ ബസിനെ പിന്തുടർന്ന് എത്തിയ യദുകൃഷ്ണൻ വാഹനത്തിന്റെ മുന്നിൽ നിന്ന് പ്രതിഷേധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഡ്രൈവർ വളരെ ലാഘവത്തോടെ ബസ് മുന്നോട്ടെടുക്കുന്നതും വിദ്യാർഥിയെ ഇടിക്കാൻ ശ്രമിക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടുണ്ടെന്ന്
വിദ്യാർഥിയുടെ കുടുംബം പറഞ്ഞു.
സമാനമായ രീതിയിൽ മറ്റൊരു സംഭവം അരൂരിൽ തന്നെ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ബൈക്ക് യാത്രികനുമായുള്ള തർക്കത്തെ തുടർന്ന് നിറയെ യാത്രക്കാരുള്ള കെഎസ്ആർടിസി ബസ് നടുറോഡിൽ ഉപേക്ഷിച്ച് ഇറങ്ങിപ്പോയ ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ വകുപ്പുതല നടപടികൾ എടുത്തതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നത്.