സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം.. രണ്ടുപേർക്കുമെതിരെ കേസെടുക്കാതെ വിട്ടയച്ച് പോലീസ്..


        
കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവുമായി നടു റോഡിൽ തർക്കം. പതിനഞ്ച് മിനിറ്റോളം ഇരുവരും നടു റോഡിൽ കിടന്ന് തർക്കിച്ചു. ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയായിരുന്നു ഇരുവർക്കുമിടയിൽ പ്രശ്നം. രണ്ടുപേരും ഒരേ ദിശയിലേക്ക് പോയപ്പോൾ പെട്ടെന്ന് കെപിസിസി അംഗം വിനോദ് കൃഷ്ണ ബ്രേക്ക് ഇട്ടെന്നും യൂ ടേൺ എടുത്തെന്നും ആരോപിച്ചായിരുന്നു മാധവ് പ്രശ്നമുണ്ടാക്കിയത്.

ശാസ്തമംഗലത്ത് നടുറോഡിലായിരുന്നു സംഭവം. ഇതോടെ മാധവിനെ പോലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് രണ്ടുപേർക്കുമെതിരെ കേസെടുക്കാതെ മ്യൂസിയം പോലീസ് വിട്ടയക്കുകയായിരുന്നു. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ വിട്ടയച്ചുവെന്ന് പോലീസ് പറയുന്നു. വിനോദ് രേഖാമൂലം പരാതി നൽകിയിരുന്നതായി പോലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മിൽ ധാരണയായതിനാൽ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ജിഡി എൻട്രിയിൽ രേഖപ്പെടുത്തി വിട്ടയച്ചുവെന്നുവെന്നാണ് പോലീസ് പറയുന്നത്.

ഈ വർഷം മെയിൽ മാധവ് സുരേഷ് കെഎസ്ആർടിസി ബസുകളെയും പ്രൈവറ്റ് ബസുകളെയും മത്സര ഓട്ടത്തെ കുറിച്ച് വിവാദ പരാമർശം നടത്തിയിരുന്നു. ഗുരുവായൂരിൽ നിന്ന് വരുന്ന വഴി രണ്ടു ബസുകളുടെ മത്സരയോട്ടം കാരണം തങ്ങളുടെ കാർ ഒരു മരത്തിലിടിച്ച് അപകടപ്പെടണ്ട അവസ്‌ഥയുണ്ടായി എന്നാണ് മാധവ് അന്ന് പറഞ്ഞത്. ഒന്നുകിൽ കേരളസർക്കാർ കെ എസ് ആർ ടി സി ബസുകളെയും പ്രൈവറ്റ് ബസുകളെയും ഒരു പാഠം പഠിപ്പിക്കണം അല്ലെങ്കിൽ ഇനി ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ അടിച്ചുപൊട്ടിച്ച് കുറ്റക്കാരുടെ മുഖം തകർക്കാനുള്ള ലൈസൻസ് തനിക്ക് തരണം എന്ന് മാധവ് സുരേഷ് പറഞ്ഞിരുന്നു.



Previous Post Next Post