ധർമസ്ഥല വെളിപ്പെടുത്തൽ: ശുചീകരണത്തൊഴിലാളി പറയുന്നതു കള്ളമെന്ന് മുൻഭാര്യ





ബംഗളൂരു: ധർമസ്ഥലയിൽ നൂറുകണക്കിനു മൃതദേഹങ്ങൾ മറവുചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളി പറയുന്നതു കള്ളമെന്ന് ഇയാളുടെ ആദ്യ ഭാര്യ രത്ന. വെളിപ്പെടുത്തൽ നടത്തിയ മുഖംമൂടിധാരി ധർമസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും രത്ന പറഞ്ഞു.

നാഗമംഗളയിൽ അമ്മയ്ക്കൊപ്പം താമസിക്കുന്ന രത്ന, ഏറെക്കാലം ധർമസ്ഥലയിൽ ഭർത്താവിനൊപ്പം കഴിഞ്ഞിരുന്നു. വിവാദ വെളിപ്പെടുത്തൽ നടത്തിയ ആൾ തന്നിഷ്ടക്കാരനും ധാർഷ്ട്യത്തോടെ പെരുമാറുന്നവനുമാണെന്നും അവർ പറഞ്ഞു. സഹോദരങ്ങളോടു പോലും വഴക്കാണ്. അവരെയും അപമാനിക്കും. രണ്ടു കുട്ടികളുണ്ടായശേഷം തന്നെ ഉപേക്ഷിച്ചു പോയ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. തനിക്കും കുട്ടികൾക്കും ജീവനാംശം തന്നില്ലെന്നും രത്ന പറഞ്ഞു.

അതിനിടെ, ധർമസ്ഥല സംഭവത്തിൽ ബിജെപി നേതാവ് ബി.എൽ. സന്തോഷിനെതിരേ അധിക്ഷേപ പരാമർശം നടത്തിയ ആക്റ്റിവിസ്റ്റ് മഹേഷ് ഷെട്ടി തിമറോഡിയെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം പരാമർശങ്ങൾ ആരു നടത്തിയാലും നിയമനടപടി സ്വീകരിക്കുമെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ രാഷ്‌ട്രീയമില്ല. ആരോപണങ്ങളുന്നയിക്കാൻ എന്തു തെളിവാണ് അയാളുടെ കൈയിലുള്ളതെന്നും നാളെ മുഖ്യമന്ത്രിക്കെതിരേയും എന്തും വിളിച്ചുപറയുമല്ലോ എന്നും ശിവകുമാർ ചോദിച്ചു.


Previous Post Next Post