
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയതില്‍ പ്രതികരിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംമ്പ്ലാനി. ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ വാക്ക് പാലിച്ചു, കാര്യമായി ഇടപെടൽ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിലെ രാഷ്ട്രീയ മാനങ്ങളെ സഭ ഗൗരവമായി കാണുന്നില്ല. സഭയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. തെറ്റ് പറ്റിയെങ്കിലും അത് തിരുത്താൻ കാണിച്ച ആർജ്ജവത്തെ അംഗീകരിക്കുന്നു എന്നും മാർ ജോസഫ് പാംമ്പ്ലാനി വ്യക്തമാക്കി. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നൽകിയത്.
സാധാരണ ഗതിയിൽ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി കോടതിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു.