സംഭവത്തില്‍ വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. നിലവിലെ പ്രഥമാധ്യാപിക കഴിഞ്ഞ മേയ് 31നാണ് ചുമതലയേറ്റത്. അതിനുശേഷം ലേഖയുടെ മൂന്നുമാസത്തെ ശമ്പളം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളത് അംഗീകരിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് ഓഫിസാണ്. അതുകൊണ്ട് തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണ് അധ്യാപികയുടെ ശമ്പള ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചതെന്നാണ് സ്‌കൂള്‍ മാനേജറുടെ വാദം. വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജര്‍ ജോര്‍ജ് ജോസഫ് വ്യക്തമാക്കി.
എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ലേഖ രവീന്ദ്രന് 14 വര്‍ഷത്തെ ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ നല്‍കാനായിരുന്നു ഹൈക്കോടതി വിധി. കഴിഞ്ഞ കൊല്ലം സെപ്റ്റംബറില്‍ വന്ന വിധിയില്‍ രണ്ട് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2025 ജനുവരി അവസാനമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ഉത്തരവ് ഇറങ്ങിയത്. അതിനു ശേഷം അടിസ്ഥാന ശമ്പളം മാത്രം ആറു മാസത്തേക്ക് നല്‍കി. കുടിശ്ശിക കൂടി ലഭിക്കമെങ്കില്‍ ഡിഇ ഓഫീസില്‍ നിന്ന് ഒതന്റിഫിക്കേഷന്‍ നല്‍കണമായിരുന്നു. ഇതിനായി പലവട്ടം കത്ത് നല്‍കിയിട്ടും നടപടി വൈകിപ്പിച്ചെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അതേസമയം മരിച്ച ഷിജോ വി ടിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നാറാണമൂഴിയിലെ വീട്ടുവളപ്പില്‍ നടക്കും.