കൈകളിൽ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു.. ഭിന്നശേഷിക്കാരിയുടെ പരാതിയിൽ അധ്യാപികക്കെതിരെ കേസ്..





മലപ്പുറത്ത് ഭിന്നശേഷിക്കാരിയുടെ കൈ അധ്യാപിക പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. അധ്യാപിക കൈകളിൽ ചൂടുവെള്ളം ഒഴിച്ചെന്നും വഴക്ക് പറഞ്ഞെന്നും കുട്ടി പരാതിയിൽ പറയുന്നു. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി വ്യാജമാണെന്നും അങ്ങനെ ഉണ്ടായിട്ടില്ലെന്നും അധ്യാപിക പറയുന്നു. കുട്ടികൾ ഇടക്ക് സമാനമായ പരാതികൾ ഉന്നയിക്കാറുള്ളതാണെന്ന് മറ്റ് അധ്യാപകർ പറഞ്ഞു.

25കാരിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു. ഓട്ടോറിക്ഷയിൽ വെച്ച് പൊള്ളലേറ്റെന്നാണ് യുവതി തന്നോട് പറഞ്ഞതെന്നും അധ്യാപിക വ്യക്തമാക്കി. കുട്ടിയുടെ കൈ യഥാർത്ഥത്തിൽ എങ്ങനെ പൊള്ളിയെന്ന് തനിക്കറിയില്ലെന്നും അധ്യാപിക പറഞ്ഞു. സംഭവത്തിൽ വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.


أحدث أقدم