ലണ്ടൻ മണിക്കൂറിൽ 80 മൈൽ വേഗത്തിൽ ആഞ്ഞുവീശുന്ന ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. റെയിൽ, വ്യോമ, റോഡ് ഗതാഗതങ്ങൾ പലയിടത്തും സ്തംഭിച്ചു. രാജ്യാന്തര ഫെറി സർവീസുകൾ ഉൾപ്പെടെയുള്ള ജലഗതാഗത സംവിധാനങ്ങളും
നിശ്ചലമായി. ഇന്ന് രാവിലെ മുതലാണ് ഫ്ലോറിസ് കൊടുങ്കാറ്റ് രാജ്യത്തിന്റെ വടക്കൻ പ്രവിശ്യകളെ ആശങ്കയിലാക്കിയത്
സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം യെല്ലോ വാണിങ് നിലനിൽക്കുകയാണ്. കാറ്റിനൊപ്പം പലയിടത്തും കനത്ത മഴ കൂടി പെയ്തതോടെ സ്‌ഥിതിഗതികൾ കൂടുതൽ മോശമായി. ഗ്ലാസ്ഗോയിൽനിന്നും സ്കോട്ടിഷ് ഐലൻഡുകളിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. സ്കോട്ട്ലൻഡിലെ പ്രധാനപ്പെട്ട പാലങ്ങളിലൂടെയുള്ള
ഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്. ന്യൂകാസിൽ മുതൽ വടക്കോട്ടേക്കുള്ള എല്ലാ റെയിൽ സർവീസുകളും ഈസ്‌റ്റ് കോസ്‌റ്റ് കമ്പനി നിർത്തിവച്ചു.
സൗത്ത് ലാങ്ക്ഷെയർ, ന്യൂപോർട്ട്, സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ ഒട്ടറെ സ്‌ഥലങ്ങളിൽ മരം കടപുഴകി ഗതാഗതം നിലച്ചു. A-9, A-96, A-82, A-861, M-77 തുടങ്ങിയ ഹൈവേകളിലെല്ലാം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നൂറുകണക്കിന് ലോക്കൽ റോഡുകളിലും മരം വീണ് ഗതാഗത തടസ്സമുണ്ടായി. എഡിൻബറോ മൃഗശാലയിൽ ഉച്ചയോടെ സന്ദർശകരെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചു.
സ്കോട്ടിഷ് ആൻഡ് സതേൺ ഇലക്ട്രിസിറ്റി നെറ്റ‌്വർക്ക് പല സ്‌ഥലങ്ങളിലും പവർ കട്ട് ഏർപ്പെടുത്തി. നോർത്തേൺ അയർലൻഡിൽ ആയിരക്കണക്കിന് കുടുംബങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാത്രി വൈകിയും കാറ്റ് ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.