
കേരളത്തിലേക്ക് നിരോധിത ലഹരിവസ്തുവായ എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മലയാളി വിദ്യാർത്ഥിനിയെ ബെംഗളൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പാലാ സ്വദേശിനിയായ അനുവാണ് ഫോർട്ട് പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെ മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ഫോർട്ട് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇടനിലക്കാരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
ഗോപകുമാർ നൽകിയ മൊഴി പ്രകാരം, ബെംഗളൂരുവിൽ നഴ്‌സിംഗിന് പഠിക്കുന്ന അനുവിൽ നിന്നാണ് ഇയാൾ എംഡിഎംഎ വാങ്ങിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഗോപകുമാറുമായി ബെംഗളൂരുവിലേക്ക് തിരിച്ചു. ബെംഗളൂരുവിലെ വിവിധ പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങളിൽ താമസിച്ച് ലഹരി വ്യാപാരം നടത്തിവരികയായിരുന്ന അനുവിനെ താമസസ്ഥലം കണ്ടെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നതനുസരിച്ച്, നഴ്‌സിംഗ് പഠനത്തിനായി ബെംഗളൂരുവിലെത്തിയ അനു ലഹരി ഉപയോഗത്തിലേക്ക് തിരിയുകയായിരുന്നു. പിന്നീട് ലഹരി സംഘത്തിന്റെ ഭാഗമായി മാറിയ ഇവർ, സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് അവരെ ലഹരിക്കടത്തിനുള്ള കാരിയർമാരാക്കി മാറ്റുകയായിരുന്നു.