യുക്രൈന് ഭാവിയിൽ സുരക്ഷ ഉറപ്പാക്കാൻ ചർച്ചയിൽ ധാരണയായിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളും യുഎസും ഇതിൽ പങ്കുവഹിക്കും. ആദ്യം വെടി നിർത്തലാണ് വേണ്ടതെന്നു ജർമനി, ഫ്രാൻസ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ചർച്ചയ്ക്കിടെ 40 മിനിറ്റോളം പുടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യ- യുക്രൈൻ നേർക്കുനേർ ചർച്ചയെന്ന ആശയത്തെ പുടിൻ അംഗീകരിച്ചെന്നു നേതാക്കൾ വ്യക്തമാക്കി. ഉപാധികളില്ലാത്ത ചർച്ചയ്ക്കു തയ്യാറെന്നു സെലൻസ്കിയും വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, നാറ്റോ സെക്രട്ടറി ജമനറൽ മാർക്ക് റുട്ടെ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ അടക്കമുള്ള നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. സമാധാനത്തിലേക്കുള്ള ചുവടുവയ്പ്പെന്നാണ് ചർച്ചയെ യൂറോപ്യൻ നേതാക്കൾ വിശേഷിപ്പിച്ചത്.
കൂടിക്കാഴ്ചയ്ക്കു മുൻപ് ട്രംപും സെലൻസ്കിയും മാധ്യമങ്ങളെ കണ്ടു. സമാധാന ശ്രമങ്ങൾ നടത്തുന്നതിന് അദ്ദേഹം ട്രംപിനു നന്ദി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപും പ്രതികരിച്ചു. എല്ലാം അതിന്റെ വഴിക്കു നീങ്ങിയാൽ ഇന്ന് തന്നെ യുദ്ധം അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ ട്രംപ് അലാസ്കയിൽ വച്ച് പുടിനുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരിയിലും ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച നടന്നിരുന്നു. എന്നാൽ അന്ന് വാക്കു തർക്കത്തിലാണ് ചർച്ച അവസാനിച്ചത്.