ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
ശക്തി കൂടിയ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിനു മുകളിൽ വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്നു. തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു ഇന്ന് രാവിലെയോടെ വടക്കൻ ആന്ധ്രാ പ്രദേശ് - തെക്കൻ ഒഡിഷ തീരത്തു എത്തിച്ചേരാൻ സാധ്യതയുണ്ട്. അറബിക്കടലിൽ തെക്കൻ കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇന്ന് 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.