തൃശൂരില്‍ കളളവോട്ട് ചേര്‍ത്തതിനെ ന്യായീകരിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാമോ എന്നായിരുന്നു സന്ദീപിന്റെ ചോദ്യം.ചങ്കൂറ്റമുണ്ടെങ്കില്‍ തൃശൂര്‍ ടൗണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്നും സുരേന്ദ്രനെ കോണ്‍ഗ്രസും യുഡിഎഫും ചേര്‍ന്ന് പരാജയപ്പെടുത്തുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. വോട്ട് കൊളളയ്‌ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചില്‍ സംസാരിക്കവെയാണ് അദ്ദേഹം സുരേന്ദ്രനെ വെല്ലുവിളിച്ചത്.
‘എന്തിനാണ് സുരേന്ദ്രാ വേറെ ആളുകളുടെ പേര് പറയുന്നത്? സുരേന്ദ്രനെ ഞാന്‍ വെല്ലുവിളിക്കുകയാണ്, ആണത്തമുണ്ടെങ്കില്‍, ചങ്കൂറ്റമുണ്ടെങ്കില്‍, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ടൗണ്‍ മണ്ഡലത്തില്‍ വന്ന് മത്സരിക്ക്. കോണ്‍ഗ്രസ് നിങ്ങളെ പരാജയപ്പെടുത്തും. യുഡിഎഫ് നിങ്ങളെ പരാജയപ്പെടുത്തും. സുരേന്ദ്രന്‍ ആ ഹെലികോപ്റ്റര്‍ ഒന്ന് തിരിച്ച് തൃശൂരില്‍ ലാന്‍ഡ് ചെയ്യണം. കേരളം മുഴുവന്‍ നടന്ന്, പറന്ന് മത്സരിച്ചതല്ലേ? ഇനി തൃശൂര്‍ കൂടിയല്ലേ ബാക്കിയുളളൂ, ഇവിടെക്കൂടി മത്സരിക്ക്, ഞങ്ങള്‍ തോല്‍പ്പിച്ച് വിട്ട് കാണിച്ചുതരാം. കോണ്‍ഗ്രസ് പ്രസ്ഥാനം ഒന്നിച്ചുനിന്ന്, യുഡിഎഫ് ഒറ്റക്കെട്ടായി തൃശൂര്‍ തിരിച്ചുപിടിക്കാന്‍ പോവുകയാണ്’- സന്ദീപ് വാര്യര്‍ പറഞ്ഞു.
പാര്‍ട്ടി ഫണ്ട് അടിച്ചുമാറ്റുന്ന കാര്യമാണെങ്കിലും കളളവോട്ട് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്ന കാര്യമാണെങ്കിലും അതുപോലും വൃത്തിക്ക് ചെയ്യാന്‍ കഴിയാത്ത സാധനങ്ങളാണ് തൃശൂരിലെ ബിജെപി ഓഫീസിലിരിക്കുന്നതെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.