ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം


ആറ്റിങ്ങൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ശനിയാഴ്ച രാവിലെ ആറ്റിങ്ങൽ വലിയകുന്ന് ഭാഗത്ത് നിന്ന് മാമത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. വാഹനം പൂർണ്ണമായും കത്തിനശിച്ചു. വലിയകുന്ന് റോളണ്ടിൽ റോമിയുടെ ഉടമസ്ഥതയിലുള്ള 2005 മോഡൽ മാരുതി 800 കാറാണ് തീപിടിത്തത്തിൽ കത്തിയമർന്നത്.

മാമത്തേക്ക് പോകുമ്പോൾ കാറിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ് വിവരം കാറിലുണ്ടായിരുന്നവരെ അറിയിച്ചത്. ഇതോടെ സമീപത്തെ ചെറുറോഡിലേക്ക് കാർ മാറ്റിയശേഷം വാഹനത്തിലുണ്ടായിരുന്ന റോമിയും മാതാവും പുറത്തിറങ്ങി. നിമിഷങ്ങൾക്കകം കാർ പൂർണ്ണമായും കത്തിനശിച്ചു. റോമിയുടെ ആധാർ കാർഡ്,എടിഎം കാർഡുകൾ, മൊബൈൽ ഫോൺ എന്നിവയും കത്തി നശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനത്തിന് തീപിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.

വാഹനത്തിലുണ്ടായിരുന്ന റോമിയും മാതാവും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു. തീ പടരുന്നത് അറിഞ്ഞിട്ടും കാർ ദേശീയപാതയിൽ നിന്ന് സമീപത്തെ റോഡിലേക്ക് മാറ്റിയിട്ടതിനാൽ വലിയ അപകടമാണ് ഒഴിവായതെന്നും നാട്ടുകാർ പറഞ്ഞു.

സമാനമായ സംഭവം വെള്ളിയാഴ്ച കോന്നിയിലും ഉണ്ടായിരുന്നു. പൂങ്കാവ്- വെള്ളപ്പാറ റോഡിൽ വെച്ച് ഇന്നലെ ഉച്ചയോടെ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. പൂച്ചയെ മൃഗാശുപത്രിയിൽ കൊണ്ടുപോയി തിരികെ വരുംവഴി പ്ലാസ്റ്റിക്ക് കരിയുന്ന ഗന്ധം അനുഭവപ്പെട്ടു. ഇതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി. അപ്പോഴേക്കും ബോണറ്റിനുള്ളിൽ നിന്ന് പുക ഉയരുകയും അല്പസമയത്തിനകം തീ ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ വച്ചെങ്കിലും വാഹനം പൂർണ്ണമായി കത്തിനശിച്ചു.

أحدث أقدم