പെട്രോൾ പമ്പിൽ വച്ച് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ചു; പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു


        

കള്ളിക്കാട് പെട്രോൾ പമ്പിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അമരവിളയിൽ ഓൺലൈൻ ട്രേഡിങ്, എയർ ടിക്കറ്റ് ബുക്കിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൈലോട്ടുമൂഴി സ്വദേശിയായ ബിജു(36)വിനെയാണ് ഞായറാഴ്ച വൈകിട്ട് നാലോടെ കാറിൽ തട്ടിക്കൊണ്ടുപോയത്. സംഭവം വാർത്തയാവുകയും പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്‌തതിന് പിന്നാലെ മണിക്കൂറുകൾക്കകം യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ സ്ഥലത്ത് നിന്ന് മുങ്ങിയിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് ഈ സംഭവങ്ങളെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.


ബിജുവിന്‍റെ ഭാര്യയാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്ന് അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. പിന്നാലെ വാർത്ത മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിന് ശേഷമാണ് പ്രതികൾ ബിജുവിനെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ബിജുവിനെ രാത്രി തന്നെ കാട്ടാക്കടയിൽ എത്തിച്ചിരുന്നു. നാല് പേരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും താൻ മർദനത്തിന് ഇരയായെന്നും ബിജു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കള്ളിക്കാട് പമ്പിൽ പെട്രോളടിക്കാനെത്തിയപ്പോഴാണ് ഒരു സംഘം ബിജുവിന്‍റെ കാർ വളയുന്നത്. പിന്നാലെ ഇവിടെ വച്ച് തർക്കം നടന്നു. പ്രതികളായ ചിലർ ചേർന്ന് കാറിനകത്ത് നിന്നും ബിജുവിനെ വലിച്ച് പുറത്തിക്കി. പിന്നീട് കാറിൻ്റെ പിൻസീറ്റിലേക്ക് തള്ളിക്കയറ്റി. ഇതേ കാറിൽ കയറിയ പ്രതികൾ വാഹനം ഓടിച്ച് ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് ഭയന്ന ബിജുവിൻ്റെ ഭാര്യ വിവരം ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു.

أحدث أقدم