ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊന്നു...


ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ അംഭേരയിലാണ് സംഭവം. സ്വപ്ന എന്ന യുവതിയെയാണ് ഭർത്താവ് രവിശങ്കർ കൊലപ്പെടുത്തിയത്. ഏഴുമാസം ​ഗർഭിണിയായിരുന്നു സ്വപ്ന. കൊലപാതകത്തിന് ശേഷം ഇയാൾ തന്നെ പൊലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. പൊലീസ് സംഘം എത്തുന്നതുവരെ ഇയാൾ മൃതദേഹത്തിന് സമീപത്ത് ഇരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഈ വർഷം ജനുവരിയിലാണ് സ്വപ്നയും രവിശങ്കറും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. എന്നാൽ, ദമ്പതികൾക്കിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെട്ടതോടെ യുവതി അംഭേരയിലെ സഹോദരിയുടെ വീട്ടിലേക്ക് പോയി. കഴിഞ്ഞ അഞ്ചു മാസമായി സപ്ന ഇവിടെയാണ് താമസിക്കുന്നത്. ശനിയാഴ്ച രാവിലെ അംഭേരയിലെ വീട്ടിലെത്തിയ രവി ഭാര്യയോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇരുവരും ഒന്നാം നിലയിലെ മുറിയിലേക്ക് പോവുകയും വാതിലടയ്ക്കുകയുമായിരുന്നു.

പിന്നീട് യുവതിയുടെ നിലവിളിയാണ് കേട്ടതെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. സപ്നയുടെ സഹോദരിയും കുടുംബാംഗങ്ങളും ഇടപെടാൻ ശ്രമിച്ചെങ്കിലും വാതിൽ അകത്ത് നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് കൊലപാതകത്തിൻറെ ചിത്രം വ്യക്തമായത്. മൃതദേഹത്തിനരികിൽ ഇരിക്കുകയായിരുന്നു പ്രതി. കഴുത്തിൽ ആഴത്തിലുള്ള മുറിവ് വരുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച ശേഷവും ഒന്നിലധികം തവണ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു.

Previous Post Next Post