
വീടിനു സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടികളെ ഉപദ്രവിച്ച കേസിൽ ഒളിവിലായിരുന്ന ഓട്ടോഡ്രൈവറെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. വളളക്കടവ് സ്വദേശിയും നിലവിൽ പൂവാർ മേഖലയിൽ താമസിക്കുന്നതുമായ സാജിദിനെ(26) ആണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ആമ്പൽക്കുളം ഭാഗത്തുളള പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെയായിരുന്നു ഇയാൾ ഉപദ്രവിച്ചത്.
കുട്ടികൾ രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം പോലീസിൽ പരാതി നൽകി.തുടർന്ന് ഇയാളെ എസ്.എച്ച്.ഒ. ആർ.പ്രകാശ്, എസ്.ഐ. എം.പ്രശാന്ത്, സീനിയർ സി.പി.ഒ.മാരായ വിനയകുമാർ, രെജിൻ, കണ്ണൻ എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.