ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇടിച്ചു; ഐ.ടി.ഐ വിദ്യാർഥിക്ക് ദാരുണാന്ത്യം


കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ സിമെന്റ് കയറ്റി പോകുകയായിരുന്നു ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു. പിന്നിലിരുന്ന സുഹ്യത്തിന്റെ കാലൊടിഞ്ഞു. ഡി.എസ്. ധനജ്ഞയ്(19) ആണ് മരിച്ചത്.

മരിച്ച ധനജ്ഞയും സുഹ്യത്തായ അഭിജിത്തും ഒരു സ്‌കൂട്ടറിലും മറ്റൊരു ബൈക്കില്‍ സന്തോഷ്, ശ്രീജിത്ത് എന്നിവരുമായി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം തിരികെ ആഴിമല ക്ഷേത്രത്തിലേക്ക് പോകാനെത്തിയതായിരുന്നു. പയറുമൂട് ഭാഗത്തേക്ക് എത്തവെ ധനജ്ഞയും അഭിജിത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ച ഇരുവരും ദേശീയപാതയിലെ ബാരിക്കേഡിലേക്കും തുടര്‍ന്ന് റോഡിലേക്കും വീണായിരുന്നു അപകടത്തില്‍പ്പെട്ടതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. റോഡിലേക്ക് വീണ ധനജ്ഞയിന്റെ മുഖത്ത് ഗുരുതര പരിക്കേറ്റിരുന്നു. ഇരുവരെയും ചാക്കയിലെ സ്വകാര്യ ആശൂപത്രിയിലെത്തിച്ചുവെങ്കിലും ധനജ്ഞയിനെ രക്ഷിക്കാനായില്ല.

മുട്ടയ്ക്കാട് കളത്തറത്തല വീട്ടില്‍ ദിലീപിന്റെയും ശാലിനിയുടെയും മകനാണ് ധനജ്ഞയ്. ചാക്ക ഐ.ടി.ഐ.യില്‍ ഡിപ്ലോമ ഇന്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. സുഹ്യത്തും മുട്ടയ്ക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപമുളള അഭിജിത്തിനാണ് അപകടത്തില്‍ കാലൊടിഞ്ഞത്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 8.30- ഓടെ ദേശീയപാതയിലെ നെട്ടത്താന്നി പയറുംമൂടിലായിരുന്നു അപകടം. സഹോദരങ്ങള്‍: ദക്ഷിണ്, ധനശ്രീ. വിഴിഞ്ഞം പോലീസ് കേസെടുത്തു.

أحدث أقدم