
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുൻ മന്ത്രി വി എസ് സുനിൽ കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്നം കാണിച്ചത് സംശയാസ്പദമാണെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
മുൻ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന കൃഷ്ണ തേജക്ക് അന്ന് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്ന ചീഫ് ഇലക്ഷൻ ഓഫീസറുടെ അഭിപ്രായം അടിസ്ഥാനരഹിതമാണ്. അവസാന ഘട്ടത്തിലാണ് തൃശൂരിൽ വോട്ടുകൾ മുഴുവൻ ചേർത്തത്. വോട്ട് ചേർക്കുന്നതിലെ നിയമങ്ങൾ ലഘൂകരിച്ചത് അനർഹർ പോലും വോട്ട് ചേർക്കുന്നതിന് ഇടയാക്കി. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇത്തരത്തിൽ വോട്ടുകൾ ചേർത്തത്. ആലത്തൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വോട്ടർമാരെ തൃശൂരിൽ ചേർത്തു. ഇലക്ഷൻ കമ്മീഷന്റെ സൈറ്റ് ബ്ലോക്ക് ആയതിനാൽ പരിശോധിക്കാനാകുന്നില്ല. തൃശൂരിലെ വോട്ടർ പട്ടികയിലെ സംശയങ്ങൾ ദൂരീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു. പരാതി പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു.