നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തിൽ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ 15-നാണ് ചുട്ടിപ്പാറയിലെ എസ്.എം.ഇ നഴ്‌സിങ് കോളേജ് വിദ്യാർഥിനിയായ അമ്മുവിനെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാദേശിക പോലീസിൻ്റെ ആദ്യഘട്ട അന്വേഷണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അമ്മുവിൻ്റെ മൂന്നു സഹപാഠികളെ പ്രതി ചേർത്തിരുന്നു. എന്നാൽ അമ്മുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തിനു പിന്നിൽ കോളേജിലെ ചില അധ്യാപകർക്കും പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ഈ ആവശ്യം പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്.