വിദേശമദ്യശാല തുറക്കണമെന്ന ആവശ്യവുമായി കുടിയന്മാർ രംഗത്ത്. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് മദ്യശാല തുറക്കണമെന്ന ആവശ്യവുമായി മദ്യപാനികൾ രംഗത്തെത്തിയിരിക്കുന്നത്. കുടിയന്മാരുടെ ദുരിതം തീർക്കാൻ വിദേശമദ്യശാല തുറക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. മദ്യക്കച്ചവടം അനുവദിക്കില്ലെന്നറിയിച്ച് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് മദ്യശാലക്കായി കുടിയന്മാരും രംഗത്തെത്തിയിരിക്കുന്നത്.
കാഞ്ഞിരപ്പുഴയിൽ ഒരു വിദേശമദ്യശാല വേണമെന്നാണ പ്രദേശത്തെ മദ്യപാനികളുടെ ആവശ്യം. ആദ്യം കുടിയന്മാരുടെ സൗഹൃദ കൂട്ടായ്മകളിലെ അഭിപ്രായ പ്രകടനമായി മാത്രം ഈ ആവശ്യം ഒതുങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം മദ്യശാല തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് മദ്യപാനികൾ പ്രതിഷേധം വരെ സംഘടിപ്പിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് പോസ്റ്ററും പതിച്ചിട്ടുണ്ട്. മദ്യഷാപ്പു തുറക്കുക, മദ്യപാനികളുടെ ദുരിതം തീർക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.
കാഞ്ഞിരപ്പുഴയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന മദ്യശാല മെയ് മാസത്തിലാണ് പൂട്ടിയത്. ലീസ് കാലാവധി തീർന്നതോടെയാണ് ഈ മദ്യശാല പൂട്ടിയത്. തുടർന്ന് പള്ളിക്കുറുപ്പ് സുകുപ്പടിയിൽ തുറക്കാനിരിക്കെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു, വേപ്പിൻചോട് ചെട്ടിപ്പള്ളിയാലിലേക്ക് നീക്കം നടത്തിയെങ്കിലും നാടിൻറെ സമാധാനം തകർക്കുന്ന മദ്യഷാപ്പ് വേണ്ടെന്ന് നാട്ടുകാർ തീരുമാനമെടുത്തതോടെ അതും പറ്റാത്തതയായി. ഇതോടെയാണ് മദ്യശാലക്കായി മദ്യപാനികൾ തന്നെ രംഗത്തെത്തിയത്.