ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജികൾ എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ കോടതിയെ അറിയിക്കാമെന്നും ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അധ്യക്ഷരായ ബെഞ്ച് നിർദേശിച്ചു. ‘സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ’ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
കേസിന്‍റെ നിലവിലെ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരിച്ചു. വധശിക്ഷയുടെ തീയതി മാറ്റിയ കാര്യം നിമിഷപ്രിയയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് അടിയന്തര സാഹചര്യമുണ്ടായാൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്. നിമിഷപ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാൻ അനുമതി തേടിയ ആക്ഷൻ കൗൺസിലിന്‍റെ അപേക്ഷ കേന്ദ്രം നേരത്തെ നിരസിച്ച കാര്യവും കോടതിയിൽ രേഖപ്പെടുത്തി.