പൊതിച്ചോറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രതികരണം വീണ്ടും ചര്‍ച്ചയാക്കുന്നു; രാഹുലിന്റെ രാജിവാര്‍ത്ത അച്ചടിച്ച പത്രത്തില്‍ പൊതിച്ചോര്‍ നല്‍കി ഡിവൈഎഫ്‌ഐയുടെ മറുപടി


        

ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രതികരണം വീണ്ടും ചര്‍ച്ചയാക്കുകയാണ് ഇടത് സൈബറിടങ്ങള്‍.’ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിന് പിന്നില്‍ നടക്കുന്നത് അനാശാസ്യമെന്നാ’യിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍പ് പ്രതികരിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ചതോടെ ആ വാര്‍ത്ത അച്ചടിച്ച പത്രത്തിലാണ് ഇന്ന് പലയിടത്തും ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണം നടത്തിയത്.

ഡിവൈഎഫ്‌ഐ നടത്തുന്ന സ്‌നേഹപൂര്‍വ്വം പൊതിച്ചോറിനെതിരെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ അവഹേളന പരാമര്‍ശവുമായി രംഗത്തെത്തിയത്. ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് അതേ പൊതിച്ചേര്‍ വിതരണത്തിലൂടെ ഡിവൈഎഫ്‌ഐ മറുപടി നല്‍കിയിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ച വാര്‍ത്ത അച്ചടിച്ച പത്രങ്ങളിൽ പൊതിഞ്ഞ് പൊതിച്ചോര്‍ നല്‍കിയായിരുന്നു ഡിവൈഎഫ്‌ഐയുടെ മറുപടി. കാലത്തിന്റെ കാവ്യനീതിയെന്നായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നിലെ പൊതിച്ചോറ് വിതരണത്തിനിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഷീമ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. ‘രാവിലെ മുതല്‍ പിറ്റേന്ന് പുലരും വരെ അനാശ്യാസത്തെ കുറിച്ച് മാത്രം ചിന്തയുള്ള ഒരുവന് കാണുന്നതെല്ലാം അങ്ങനെ തോന്നാം. പക്ഷേ ഡിവൈഎഫ്‌ഐ ഒരു പതിറ്റാണ്ടിലേറെ കാലമായി ലക്ഷകണക്കിന് മനുഷ്യരുടെ ഒരു നേരത്തെ വിശപ്പടക്കുകയാണെന്നും’ ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

Previous Post Next Post