നികൃഷ്ടജീവി, വിവരദോഷി ഇപ്പോള്‍ ‘അവസരവാദി’… സഭയും സിപിഎമ്മും വീണ്ടും നേർക്കുനേർ; പാംപ്ലാനി പിതാവിനെ പറഞ്ഞതിന് മാപ്പില്ല!!


ഒരു ഇടവേളയ്ക്കു ശേഷം കത്തോലിക്ക സഭയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും വീണ്ടും നേർക്കുനേർ. സിറോ മലബാര്‍ സഭയുടെ തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ ‘അവസരവാദി’ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിളിച്ചതാണ് പുതിയ വിവാദത്തിന് കാരണം. “ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതിയും. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയതിന് പിന്നാലെ ഒഡീഷയില്‍ മര്‍ദനമേറ്റു. ഇതോടെ വീണ്ടും നിലപാട് മാറ്റി, ഇതെല്ലാം അവസരവാദ നിലപാടുകളാണ്”. ഇതായിരുന്നു എം വി ഗോവിന്ദന്റെ വിവാദ പ്രസ്താവന. എന്‍ജിഒ യൂണിയന്‍ തളിപ്പറമ്പ് ഏരിയാ സെന്റര്‍ ഉദ്ഘാടന വേളയിലാണ് മെത്രാനെതിരെ വിവാദ പരാമര്‍ശം നടത്തിയത്

എംവി ഗോവിന്ദന്റെ ആരോപണങ്ങള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് സഭാ നേതൃത്വം പ്രതികരിച്ചത്. എംവി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് മറക്കരുത്. പ്രസ്താവന തിരുത്തണോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. മൂന്നാം പിണറായി സര്‍ക്കാര്‍ വരണോ എന്ന് അവര്‍ ആലോചിക്കണം. പാര്‍ട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു. ഗോവിന്ദന്‍ മാസ്റ്റർ ഗോവിന്ദചാമിയെ പോലെ സംസാരിക്കരുതെന്നും ഫാദര്‍ കവിയില്‍ പറഞ്ഞു.

ആഗോള തലത്തില്‍ കത്തോലിക്ക സഭയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു. ഈശ്വരനിഷേധികള്‍ എന്ന ചാപ്പ കുത്തിയാണ് സഭ പാര്‍ട്ടിയെ എതിര്‍ത്തു പോന്നത്. ചെകുത്താന്‍ കുരിശ് കാണുന്ന അവസ്ഥയായിരുന്നു ഇരുകൂട്ടരും തമ്മില്‍ ഉണ്ടായിരുന്നത്. പല ഘട്ടങ്ങളിലും അതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഇരുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വാരി എറിഞ്ഞിട്ടുണ്ട്.


1957- 59ലെ ഒന്നാം ഇഎംഎസ് സര്‍ക്കാരിനെതിരായ വിമോചന സമരത്തില്‍ കോണ്‍ഗ്രസിനൊപ്പം കത്തോലിക്കാ സഭയും മുന്നണിയിൽ ഉണ്ടായിരുന്നു. സഭയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അക്കാലത്ത് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് ചരിത്രമാണ്. വിദ്യാഭ്യാസ ബില്ലിനെ ചൊല്ലിയാണ് സഭ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. കത്തോലിക്കാ സഭയും എന്‍എസ്എസും ചേര്‍ന്ന് നടത്തിയ വിമോചന സമരത്തെ ‘പള്ളീലച്ചന്റേയും പിള്ളയച്ചന്റേയും സമരമെന്നാണ്’ അക്കാലത്ത് പാര്‍ട്ടി സെക്രട്ടറിയായ എംഎന്‍ ഗോവിന്ദന്‍ നായര്‍ വിശേഷിപ്പിച്ചത്. ഇഎംഎസ് സര്‍ക്കാരിനെ 1959 ജൂലൈ 31ന് കേന്ദ്രം പിരിച്ചുവിട്ടതോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. 1967ല്‍ ഇഎംഎസ് വീണ്ടും അധികാരത്തില്‍ വന്നെങ്കിലും പിന്നീട് ഏറെക്കാലം നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ ഉണ്ടായില്ല.

വിമോചന സമരത്തിന് ശേഷം രണ്ടു കൂട്ടരും കാര്യമായ വെല്ലുവിളികള്‍ ഒന്നുമില്ലാതെ ഭായി- ഭായി മട്ടിലാണ് കേരളത്തിൽ നീങ്ങിയത്. 2000നുശേഷം ഇരുകൂട്ടരും തമ്മിൽ വലിയ സംഘർഷത്തിന് വഴിവച്ചത്, സിപിഎം നേതാവും തിരുവമ്പാടി എംഎല്‍എയും ആയിരുന്ന മത്തായി ചാക്കോയുടെ മരണത്തിന് താമരശേരി മെത്രാൻ നടത്തിയ ഒരു പ്രസ്താവനയാണ്. കാന്‍സര്‍ ബാധിതനായി മരണാസന്നനായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ കിടന്ന കാലത്ത് മത്തായി ചാക്കോ കത്തോലിക്കാ വിശ്വാസ പ്രകാരമുള്ള അന്ത്യകൂദാശ സ്വീകരിച്ചുവെന്ന മാർ പോള്‍ ചിറ്റിലപ്പള്ളി പറഞ്ഞത് വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. പാര്‍ട്ടിയും സഭയും തമ്മില്‍ മുൻപെങ്ങുമില്ലാത്ത വിധമുള്ള കലഹമാണ് ഈ വിഷയത്തില്‍ നടന്നത്.


ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ബിഷപ്പിന്റെ പേരു പറയാതെ ഇത്തരം പ്രസ്താവന നടത്തിയവരെ ‘നികൃഷ്ടജീവി’ എന്ന് വിളിക്കേണ്ടി വരുമെന്ന് പിണറായി പരസ്യമായി പ്രസംഗിച്ചു. “കള്ളം പറയില്ല എന്ന് നമ്മളൊക്കെ വിശ്വസിക്കുന്ന ഒരു മഹാന്‍ യുഡിഎഫിന് വേണ്ടി പ്രചാരവേല നടത്തുകയാണ്. ഇങ്ങനെയുള്ളവരെ നികൃഷ്ടജീവി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്” എന്നാണ് ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ ലക്ഷ്യംവച്ച് പിണറായി വിജയന്‍ തിരുവമ്പാടിയിൽ നടന്ന മത്തായി ചാക്കോ അനുസ്മരണ പരിപാടിയില്‍ പറഞ്ഞത്.


ഈ പ്രസ്താവനക്കെതിരെ സഭയുടെ ഭാഗത്തു നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും പിണറായി നിലപാട് തിരുത്തിയില്ല. ബിഷപ്പിനെതിരായ പരാമര്‍ശം എത്രവട്ടം ആവര്‍ത്തിക്കാനും മടിയില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ പിണറായിയുടെ പ്രസ്താവനക്കെതിരെ സഭ തെരുവിലിറങ്ങി പ്രതിഷേധിച്ചു.


മത്തായി ചാക്കോയുടെ വിവാഹം കത്തോലിക്കാ വിശ്വാസപ്രകാരം പള്ളിയിൽ നടന്നതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇതോടെ സഭ പുറത്തുവിട്ടു. 1992 ഓഗസ്റ്റ് 20ന് കൊച്ചി തമ്മനം കാരണക്കോടം പള്ളിയിൽ നടന്ന വിവാഹത്തിൻ്റെ രേഖകൾ പരസ്യമായത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. മത്തായി ചാക്കോയുടെ മകന്റെ മാമ്മോദീസയും പള്ളിയില്‍ നടത്തിയതാണെന്ന് അവകാശപ്പെട്ട് രേഖകള്‍ സഭ പുറത്തുവിട്ടിരുന്നു. കൊണ്ടും കൊടുത്തും മുന്നേറിയ ശേഷം പിന്നീട് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ കേരള യാത്രക്കാലത്ത് പഴയതെല്ലാം മറന്ന് താമരശ്ശേരി ബിഷപ്പിനെ പിണറായി നേരിൽ കണ്ടതോടെ മഞ്ഞുരുക്കമായി. പിന്നീട് മുഖ്യമന്ത്രിയായ ശേഷം പിണറായി എല്ലാ സഭകളുമായും വളരെ ഊഷ്മള ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്.


2015 ഒക്ടോബറില്‍ ചങ്ങനാശ്ശേരി അതിരൂപതാ മുന്‍ ആര്‍ച്ചു ബിഷപ്പായിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വെളിപ്പെടുത്തല്‍ സിപിഐക്ക് ക്ഷീണമായെങ്കിലും വലിയ വിവാദത്തിലേക്ക് കൊണ്ടുപോയില്ല. മുന്‍ മന്ത്രിയും സിപിഐ നേതാവുമായിരുന്ന ടിവി തോമസ് മരണാസന്നനായി ആശുപത്രിയിൽ കിടന്ന കാലത്ത് ചെയ്ത പാപങ്ങളേറ്റു പറഞ്ഞ് കുമ്പസാരം നടത്തിയെന്ന വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി. സഭാ മാസികയായ കുടുംബജ്യോതിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ടിവി തോമസിന്റെ കുമ്പസാരക്കഥ ബിഷപ് പുറത്തുവിട്ടത്.


“ടിവി തോമസ് രോഗബാധിതനായി തിരുവനന്തപുരത്ത് ആശുപത്രിയിലായ സമയം അദ്ദേഹത്തെ കാണാന്‍ ഞാന്‍ ചെന്നു. മുറിക്കുള്ളിലും പുറത്തും നിറയെ പാര്‍ട്ടിക്കാര്‍. അദ്ദേഹത്തോട് സ്വകാര്യമായി സംസാരിക്കാന്‍ കുറച്ചു സമയം എനിക്ക് ലഭിച്ചു. രോഗം ഗുരുതരമായതിനാല്‍ കുമ്പസാരിച്ച് പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് അന്വേഷിച്ചു. (അദ്ദേഹത്തില്‍ വിശ്വാസം ഉണ്ടായിരുന്നു എന്ന ധാരണയിലായിരുന്നു അന്വേഷണം.) അതിന് അദ്ദേഹം പറഞ്ഞത്, അത് എനിക്കറിയാം, സമയത്ത് ഞാനത് ചെയ്തു കൊള്ളാം” എന്നായിരുന്നു. ഇതായിരുന്നു മാര്‍ പൗവ്വത്തില്‍ എഴുതിയത്.

ടിവി തോമസിന്റെ ഭാര്യ ഗൗരിയമ്മ ഉള്‍പ്പടെയുള്ള സിപിഐ- സിപിഎം നേതാക്കള്‍ ബിഷപ്പിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞു. പക്ഷേ വലിയൊരു ഏറ്റുമുട്ടലിലേക്ക് ഈ വിവാദം പോയില്ല. എന്നാൽ മാർ പാംപ്ലാനിക്കെതിരായ എംവി ഗോവിന്ദൻ്റെ പ്രസ്താവന, തിരഞ്ഞെടുപ്പുകൾ പടിക്കലെത്തി നിൽക്കെ എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കണ്ടുതന്നെ അറിയണം.

أحدث أقدم