
യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ഏറൻപുരക്കൽ വീട്ടിൽ വിനീഷിനെയാണ് (26) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം കൂരിക്കുഴി പതിനെട്ട്മുറി സ്വദേശി പുതിയ വീട്ടിൽ ബിലാലിനേയും ബന്ധുവായ സുൻസാമിനേയും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനാണ് അറസ്റ്റ്. കേസിലെ മറ്റ് പ്രതികളായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശികളായ മതിലകത്ത് വീട്ടിൽ നജീബ് (30), പള്ളിപ്പറമ്പിൽ വീട്ടിൽ റിഫാദ് (28) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
ബിലാലിന് വിദേശത്തായിരുന്നു ജോലി. ഒരു മാസം മുമ്പാണ് നാട്ടിൽ വന്നത്. ആറ് മാസങ്ങൾക്ക് മുൻപ് ബിലാൽ വിദേശത്തായിരുന്ന സമയത്ത് നജീബിന്റെയും റിഫാദിന്റെയും സുഹൃത്തുക്കളായ ഷാഫി, ഷെനീർ, ഷാനു എന്നിവരെ ഫോണിൽ വിളിച്ചതിൽ ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്താൽ ബുധനാഴ്ച വൈകിട്ട് ബിലാലിനെയും സഹോദരൻ അബ്ദുൾ സലാമിനെയും ഷാഫി, ഷെനീർ, ഷാനു എന്നിവരും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചിരുന്നു.
പരുക്കേറ്റ ബിലാൽ ആശുപത്രിയിലാണ്. അബ്ദുൾ സലാമിന്റെ പരാതിയിൽ കൈപ്പമംഗലം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഷാഫി, ഷെനീർ, ഷാനു എന്നിവരുടെയും സുഹൃത്തുക്കളുടെയും പേരിൽ കേസെടുത്തതായി അറിഞ്ഞ ഇവരുടെ സുഹൃത്തായ വിനീഷ് ബിലാലിന്റെ ബന്ധുവായ സുൻസാമിനെ ഫോണിൽ വിളിച്ച് കേസ് പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് സുൻസാമിനെയും ബിലാലിനെയും വിളിച്ച് വരുത്തുകയായിരുന്നു.