ആത്മഹത്യക്ക് ശ്രമം; പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ യുവതിക്ക് പുതുജീവൻ


ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ബാലുശ്ശേരി പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് ബാലുശ്ശേരി പൊലിസ് സ്റ്റേഷനിലെ ജിഡി ചാർജ് ഗോകുൽരാജിന് പയ്യോളി പൊലിസ് സ്റ്റേഷനിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചത്. ബാലുശ്ശേരി സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിക്കാൻ പോകുന്നു എന്നായിരുന്നു സന്ദേശം.

സ്ത്രീ തന്നെയാണ് ഇക്കാര്യം പയ്യോളി സ്റ്റേഷനിലേക്ക് വിളിച്ച് അറിയിച്ചത്. ഫോൺ നമ്പർ മനസ്സിലാക്കിയ ഗോകുൽരാജ് ഉടൻതന്നെ അവരെ ബന്ധപ്പെട്ടു. കടുത്ത മാനസിക സംഘർഷത്തിലായിരുന്ന അവർ തീർത്തും നിഷേധാത്മകമായാണ് സംസാരിച്ചത്. ഫോണിലൂടെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സംഭാഷണത്തിലൂടെ മനസ്സിലാക്കിയ പൊലിസ്, ഉടൻതന്നെ ഈ വിവരം സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശ് ടിപിയെ അറിയിച്ചു.

അദ്ദേഹവും സംഘവും ഫോൺ നമ്പർ കേന്ദ്രീകരിച്ച് യുവതിയുടെ വീട് കണ്ടെത്തുകയും വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് കടക്കുകയുമായിരുന്നു. തൂങ്ങിനിൽക്കുന്ന യുവതിയെയും അവരുടെ ഒൻപതുമാസം പ്രായമുള്ള കുട്ടിയെയും കണ്ട പൊലിസ് സംഘം ഉടൻതന്നെ അവരെ രക്ഷിച്ചു. യുവതിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും, കുട്ടിയെ സുരക്ഷിതമായി പിതാവിന്‍റെ മാതാപിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു.

أحدث أقدم