ആദായനികുതി ബില്ല് പിൻവലിച്ച് കേന്ദ്ര സർക്കാർ; പുതിയ പതിപ്പ് തിങ്കളാഴ്ച അവതരിപ്പിക്കും


2025 ലെ ആദായനികുതി ബിൽ പിൻവലിച്ച് കേന്ദ്ര സർക്കാർ. 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഫെബ്രുവരി 13 ന് ലോകസഭയിൽ അവതരിപ്പിച്ച ആദായനികുതി ബില്ലാണ് പിൻവലിച്ചിരിക്കുന്നത്. പുതുക്കിയ കരട് ബിൽ തിങ്കളാഴ്ച ലോകസഭയിൽ അവതരിപ്പിക്കും. ബില്ലിന്റെ ഒന്നിലധികം പതിപ്പുകൾ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നൽകുന്നതിനുമായി, മുൻപ് അവതരിപ്പിച്ച ബില്ലിൽ മാറ്റങ്ങൾ വരുത്തി, പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് സഭയുടെ പരിഗണനയ്ക്കായി അവതരിപ്പിക്കും എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു

ആദായ നികുതി അടയ്ക്കുന്നത് അനായാസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലളിതമാക്കിയ ചട്ടങ്ങളോടെ ആദായനികുതി നിയമം അവതരിപ്പിച്ചത്. 536 സെക്ഷനുകളും 23 അധ്യായങ്ങളും അടക്കം 622 പേജുകളാണ് പുതിയ ആദായനികുതി ബില്ലിലെന്നായിരുന്നു റിപ്പോ‍‍ർട്ട്. പുതിയ നിയമത്തില്‍ ഷെഡ്യൂളുകളും അധ്യായങ്ങളും കൂടിയത് ആദായനികുതി നിയമത്തോടുള്ള ഘടനാപരമായ സമീപനം കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത് ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍, ബിസിനസ്സുകള്‍ക്കും വ്യക്തികള്‍ക്കും ഉള്ള കാര്യക്ഷമമായ വ്യവസ്ഥകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതിനാലാണ് ഷെഡ്യൂളുകളും അധ്യായങ്ങളും പുതിയ നിയമത്തില്‍ കൂടിയത് എന്നാണ് കണക്കുകൂട്ടുന്നത്. നികുതി തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനായി ഓഹരി ഇടപാടുകളെ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍, കൂടുതല്‍ വ്യക്തതക്കായി കഴിഞ്ഞ 60 വര്‍ഷത്തെ ജുഡീഷ്യല്‍ വിധി ന്യായങ്ങള്‍ എന്നിവയും പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

എന്നാൽ ചില തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ഇവ തിരുത്തി, വീണ്ടും അവതരിപ്പിക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരിക്കുന്നത്.

أحدث أقدم