
കൊച്ചി കളമശ്ശേരിയിൽ പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചെന്ന് നഗരസഭ കൗണ്‍സിലര്‍മാര്‍. പാര്‍ക്കിങിനെ ചൊല്ലി ട്രാഫിക് സിഐ സാഗറും നഗരസഭ കൗണ്‍സിലര്‍മാരും തമ്മിലുള്ള വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു
സംഭത്തിൽ ഇടപ്പള്ളി ട്രാഫിക് സിഐ സാഗറിനെതിരെ കമ്മീഷണര്‍ക്ക് പരാതി നൽകുമെന്ന് കൗണ്‍സിലര്‍ നഷീറ സലാം പറഞ്ഞു. അനാവശ്യമായി പാര്‍ക്കിങ് പിഴ ചുമത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ട്രാഫിക് പൊലീസ് സിഐ സംസാരിക്കാനോ വിശദീകരണം നൽകാനോ തയ്യാറാകാതെ അധിക്ഷേപിച്ചതെന്നാണ് പരാതി. കൗണ്‍സിലര്‍മാരുമായും നാട്ടുകാരുമായും തര്‍ക്കമുണ്ടായി. പൊലീസുമായി തര്‍ക്കിക്കുന്നതിന്‍റെ വീഡിയോ നാട്ടുകാരാണ് പകര്‍ത്തിയത്.
കളമശ്ശേരി എച്ച്എംടി ജങ്ഷനിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയിരുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മന്ത്രി പി രാജീവ് അടക്കം ഇടപ്പെട്ട് റോഡിൽ വണ്‍വെ സംവിധാനവും നടപ്പാക്കിയിരുന്നു. ഇതിനുപുറമെ വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനം വാങ്ങാൻ വരുന്നവര്‍ക്ക് ഇവിടെ വാഹനം നിശ്ചിത സമയത്തേക്ക് നിര്‍ത്തിയിടാനുള്ള അനുമതിയും നൽകിയിരുന്നു.