
ഇന്ത്യയ്ക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ ഒഴിവാക്കാൻ നീക്കം. തീരുമാനത്തിൽ ട്രംപ് അയവ് വരുത്തുകയാണെന്നാണ് സൂചന. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നൽകിയ അഭിമുഖത്തിലാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അധിക തീരുവ എർപ്പെടുത്തുന്നത് ആവശ്യമെങ്കിൽ ഈടാക്കുമെന്നും മിക്കവാറും വേണ്ടിവരില്ലെന്നതുമാണ് അമേരിക്കയുടെ പുതിയ നിലപാട്. അതേസമയം ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വൈകുമെന്നും സൂചനയുണ്ട്.
റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടികാട്ടിയാണ് അധിക തീരുവ നേരത്തെ പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയ്ക്ക് പുറമേയാണ് മറ്റൊരു 25 ശതമാനം കൂടി പ്രഖ്യാപിച്ചത്. രണ്ടാമത് പ്രഖ്യാപിച്ച തീരുവയിലാണ് അമേരിക്കയ്ക്ക് ഇപ്പോൾ മനംമാറ്റം.
അതേസമയം ഇന്ത്യ- യുഎസ് വ്യാപാര കരാർ ചർച്ചകൾ അനിശ്ചിതത്വത്തിലായി. യുഎസ് ഉദ്യോഗസ്ഥരുടെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ മാസം ഒടുവിൽ ചർച്ചകൾക്കായി ഉദ്യോഗസ്ഥർ എത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇന്ത്യയുടെ കാർഷിക വിപണികൂടി അമേരിക്കൻ കമ്പിനികൾക്കായി തുറന്ന് കൊടുക്കണമെന്നാണ് ട്രംപിൻ്റെ നിലപാട്.
ഇന്ത്യയിൽ കർഷക സംഘടനകളുടെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ ഇക്കാര്യത്തിലെ ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൻ്റെ പേരിലാണ് പിഴത്തീരുവ. ഇത് ഒരു സമ്മർദമായി കൂടിയാണ് അമേരിക്ക കാണുന്നത്. ഈ തീരുമാനം മൂലം യുക്രൈനുമായുള്ള യുദ്ധത്തിൽ നിന്നും പിൻവാങ്ങാൻ റഷ്യയെ പ്രേരിപ്പിക്കുന്നു എന്നതാണ് ട്രംപിൻ്റെ അവകാശവാദം.