
ആലപ്പുഴ: ഇരട്ടക്കൊലപാതക കേസിൽ പ്രതി ബാബുവിനെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലപ്പുഴ കൊമ്മാടി മന്നത്ത് വാർഡിലെ വീട്ടിലാണ് പ്രതിയെ എത്തിച്ചത്. ഇന്നലെ രാത്രിയാണ് മാതാപിതാക്കളായ തങ്കരാജ്, ആഗ്നസ് എന്നിവരെ ബാബു കുത്തിക്കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന ബാബുവിനെ തൊട്ടടുത്ത ബാറിൽ നിന്നാണ് പിന്നീട് പൊലീസ് പിടികൂടിയത്.
ഇറച്ചി വെട്ടുകാരനായ ബാബു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനു മുൻപും ഇയാൾ മദ്യപിച്ചെത്തി അച്ഛനെയും അമ്മയെയും മർദിച്ചിരുന്നു. ആ ഘട്ടത്തിൽ പൊലീസ് ഇടപെടുകയും ബാബുവിന് താക്കീത് നൽകുകയും ചെയ്തു. ഇന്നലെയും മദ്യപിച്ചെത്തിയ ബാബു വീട്ടിൽ വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ കുത്തി കൊല്ലുകയുമായിരുന്നു.
തുടർന്ന് ഇയാൾ ഭർതൃവീട്ടിൽ കഴിയുന്ന സഹോദരിയെ ഫോണിൽ വിളിച്ച് താൻ മാതാപിതാക്കളെ കുത്തിക്കൊന്നുവെന്ന് അറിയിച്ചു. ബഹളം കേട്ട് അയൽക്കാർ ഓടി എത്തും മുൻപ് ഇയാൾ സ്ഥലം വിട്ടു. പൊലീസ് എത്തിയാണ് രക്തത്തിൽ കുളിച്ചു കിടന്ന ആഗ്നസിനെയും തങ്കരാജിനെയും ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ ബാറിൽ നിന്ന് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാൾ പൂർണമായും മദ്യലഹരിയിലായിരുന്നു എന്ന് പൊലിസ് അറിയിച്ചു.