റോഡരികില്‍ നിറുത്തിയിട്ടിരുന്ന മിനി ലോറിയില്‍ ടോറസ് ലോറി ഇടിച്ച് അപകടം; മിനി ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


        

വെള്ളറടയില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന മിനി ലോറിയില്‍ ടോറസ് ലോറി ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട മിനി ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി തലകീഴായി മറിയുകയും ചെയ്തു. അപകടത്തില്‍ മിനി ലോറിയുടെ ഡ്രൈവര്‍ പാങ്ങോട് സ്വദേശി ഷെഫീഖ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ പനച്ചമൂട് മാർക്കറ്റ് ജങ്ഷനിലായിരുന്നു നടുക്കുന്ന അപകടമുണ്ടായത്.

പലവ്യഞ്ജന സാധനങ്ങളുമായെത്തിയ മിനിലോറി റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് നിർമാണ സാമഗ്രികകളുമായെത്തിയ ടോറസ് ലോറി മിനിലോറിയിലേക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട മിനിലോറി തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. കട തകർന്നെങ്കിലും വാഹനത്തിൽ കിടന്നുറങ്ങിയ ഡ്രൈവർ പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

أحدث أقدم