മലപ്പുറം നഗരസഭയിൽ വ്യാജവോട്ട് ചേർക്കൽ സംഭവത്തിൽ അഞ്ചുപേർക്കെതിരേ മലപ്പുറം പോലീസ് കേസെടുത്തു. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വയസ്സ് തിരുത്തി വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ച, പ്രായപൂർത്തിയാകാത്ത അഞ്ചുപേർക്കെതിരേയാണ് കേസെടുത്തത്. മലപ്പുറം ഇത്തിൾപറമ്പ് സ്വദേശികളാണ് ഇവർ.
ബിഎൻഎസ് ആക്ട് 336, 340 വ്യാജരേഖ ചമയ്ക്കൽ വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യാജരേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു യു.ഡി.എഫ്. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നഗരസഭയിലെ എൻജിനിയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ ഈ സംഭവത്തിൽ കഴിഞ്ഞദിവസം ചുമതലകളിൽനിന്ന് നീക്കിയിരുന്നു.
സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിലാണ് എസ്എസ്എൽസി ബുക്കിൽ കൃത്രിമം നടത്തി പത്താംതരത്തിലും ഹയർസെക്കൻഡറിയിലും പഠിക്കുന്ന വിദ്യാർഥികൾ വ്യാപകമായി വോട്ട് ചേർത്തതെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ആരോപിച്ചു.