തെരുവുനായയുടെ കടിയേറ്റ നാല് വയസ്സുകാരി നാല് മാസത്തിന് ശേഷം മരിച്ചു...


തെരുവുനായയുടെ കടിയേറ്റ നാല് വയസ്സുകാരി നാല് മാസത്തിന് ശേഷം മരിച്ചു. കർണാടകയിലെ ദാവൻഗെരെയിലാണ് ദാരുണ സംഭവമുണ്ടായത്. ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖദീറ ബാനു എന്ന കുട്ടിയാണ് മരിച്ചത്.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഏപ്രിലിലായിരുന്നു അത്. നായയുടെ കടിയേറ്റ് ഖദീറയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ കുടുംബം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

2025 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കർണാടകയിൽ 2.86 ലക്ഷം പേർക്ക് നായകളുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധ മൂലം 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 4 നും 10 നും ഇടയിൽ മാത്രം കർണാടകയിൽ 5652 പേർക്ക് നായകളുടെ കടിയേറ്റു. ബെംഗളൂരുവിൽ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബൃഹത് ബെംഗളൂരു മഹാനഗര പാലികയെ (ബിബിഎംപി) കർണാടക ലോകായുക്ത ജസ്റ്റിസ് ബി എസ് പാട്ടീൽ വിമർശിച്ചിരുന്നു. നായകളുടെ കടിയേറ്റ് പേവിഷബാധയേൽക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. അക്രമകാരികളായ നായകൾക്കായി നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ബിബിഎംപിയ്ക്ക് വീഴ്ച പറ്റിയെന്ന് അർബൻ ഡിവിഷൻ പൊലീസ് സൂപ്രണ്ട് ഡോ. വംശികൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന സ്വതന്ത്ര അന്വേഷണത്തിന്‍റെ റിപ്പോർട്ട് ലോകായുക്ത പുറത്തുവിട്ടു.

Previous Post Next Post