ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ പാർലമെന്റ് മന്ദിരത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. പാർലമെന്റ് കോമ്പൗണ്ടിലേക്ക് ഒരാൾ മരം കയറിയും മതിൽ ചാടിക്കടന്നും പ്രവേശിച്ചു. വെള്ളിയാഴ്ച രാവിലെ ഏകദേശം 6:30-ഓടെയാണ് സംഭവം. റെയിൽ ഭവന് സമീപത്ത് നിന്ന് മതിൽ ചാടിക്കടന്നാണ് ഇയാൾ പാർലമെന്റ് കെട്ടിടത്തിന് സമീപമെത്തിയത്. ഗരുഡ ഗേറ്റിന് സമീപം വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഈ സുരക്ഷാ വീഴ്ച.
കഴിഞ്ഞ വർഷവും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് 20 വയസ്സുകാരനായ ഒരു യുവാവ് പാർലമെന്റ് അനക്സ് കെട്ടിടത്തിന്റെ മതിൽ ചാടിക്കടന്നിരുന്നു. ഷോർട്സും ടീ-ഷർട്ടും ധരിച്ചെത്തിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. പരിശോധനയിൽ ഇയാളിൽ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല.