‘അമ്മ’യുടെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; സത്യവാചകം ചൊല്ലിക്കൊടുത്ത് ദേവൻ


സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് നടൻ ദേവൻ. ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവന്റെ എതിരാളിയായി മത്സരിച്ച് വിജയിച്ച നടിയാണ് ശ്വേത മേനോൻ. പരസ്പര ബഹുമാനത്തോടെയുള്ള ഈ നടപടിയെ ‘അമ്മ’യുടെ യഥാർത്ഥ സ്പിരിറ്റായിട്ടാണ് സംഘടനയിലെ അംഗങ്ങൾ വിശേഷിപ്പിച്ചത്. പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ ദേവനെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് സംസാരിച്ച നടൻ ജഗദീഷ്, സംഘടനയിൽ സ്ത്രീകൾക്ക് സംവരണം ആവശ്യമില്ലെന്നും അവർ സ്വന്തം കഴിവിൽ മുന്നോട്ട് വരട്ടെയെന്നുമുള്ള ദേവന്റെ നിലപാടുകളെക്കുറിച്ചും സംസാരിച്ചു.

തിരഞ്ഞെടുപ്പിൽ ശ്വേത മേനോൻ 159 വോട്ടുകൾ നേടിയപ്പോൾ ദേവന് 132 വോട്ടുകളാണ് ലഭിച്ചത്. ശ്വേതയുടെ വിജയം കഠിനാധ്വാനം കൊണ്ടുള്ള നേട്ടമാണെന്നും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ദേവൻ പറഞ്ഞു.

ഇത്തവണ ‘അമ്മ’യുടെ നേതൃനിരയിൽ സ്ത്രീ പ്രാതിനിധ്യം കൂടുതലാണ്. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ, ലക്ഷ്മി പ്രിയ വൈസ് പ്രസിഡന്റായും അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ് തുടങ്ങിയ വനിതാ താരങ്ങളും ഇടം നേടി.


        

Previous Post Next Post