സഹോദരി വൃക്ക നൽകി, സഹോദരീ ഭർത്താവ് കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രണ്ടാം ജന്മം



കൊച്ചി: സഹോദരിയും സഹോദരിയുടെ ഭർത്താവും ചേർന്ന് ഒരു പുതുജീവിതം നൽകിയിരിക്കുകയാണ് ആലുവ സ്വദേശിയായ ശ്രീനാഥ് ബി.നായർ എന്ന 43കാരന്. കരളും വൃക്കയും തകരാറിലായതിനെ തുടർന്ന് ഒരേസമയം രണ്ട് അവയവങ്ങളും മാറ്റിവയ്ക്കേണ്ട അവസ്ഥയിലായിരുന്നു ശ്രീനാഥ്. ആരും തളർന്നു പോകുന്ന ആ സാഹചര്യത്തിൽ സഹോദരിയും കുടുംബവും അദ്ദേഹത്തെ ചേർത്തു പിടിച്ചു. ഇളയ സഹോദരി ശ്രീദേവി വൃക്ക ദാനം ചെയ്യാൻ തയ്യാറായി. അതോടൊപ്പം തന്നെ സഹോദരിയുടെ ഭർത്താവായ വിപിൻ കരൾ പകുത്തു നൽകാനും തയ്യാറായി. അതോടെ സങ്കീർണ്ണമായ ഒരു ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീനാഥ് പുതുജീവിതത്തിലേക്ക് കടക്കുകയായിരുന്നു.

ആലുവയിൽ ട്രാവൽ ഏജൻസി നടത്തുന്ന ശ്രീനാഥിന് കാലിൽ ചെറിയൊരു കുരു വന്നു. ഇടുക്കിയിലേക്കുള്ള ഒരു യാത്രയ്ക്ക് ശേഷം ആ ഭാഗത്തുള്ള ചൊറിച്ചിലും മുറിവ് ഉണങ്ങാത്ത അവസ്ഥയും തുടരുകയും ഇടയ്ക്ക് കടുത്ത പനി ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് ശ്രീനാഥിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സകൾക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ആശുപത്രി വാസത്തിനു ശേഷവും ശ്രീനാഥിന്‍റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ശരീരം വളരെയധികം ക്ഷീണിച്ചു. സംസാരിക്കാനും നടക്കാനും പോലും കഴിയാത്ത അവസ്ഥ. അതോടെയാണ് ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയിൽ ക്രിയാറ്റിന്‍റെ അളവ് വളരെയധികം കൂടുതലാണെന്ന് കണ്ടെത്തി.

അടിയന്തരമായി ഡയാലിസിസ് ആരംഭിച്ചു. ശ്രീനാഥിന് പ്ലേറ്റ്ലറ്റ് കൗണ്ട് കുറവായതിനാൽ ബയോപ്സി നടത്താൻ കഴിയുമായിരുന്നില്ല. ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. എന്നാൽ ശ്രീനാഥിനെയും ഭാര്യ ലക്ഷ്മി പ്രിയയെയും സംബന്ധിച്ചിടത്തോളം അനുയോജ്യരായ ഇരട്ട ദാതാക്കളെ കണ്ടെത്തുക എന്നത് കഠിനമായ വെല്ലുവിളിയായി.

അപ്പോഴാണ് ആശാവർക്കർ കൂടിയായ ഇളയ സഹോദരി ശ്രീദേവി തന്‍റെ വൃക്കകളിൽ ഒന്ന് സഹോദരന് നൽകാനുള്ള സന്നദ്ധത അറിയിച്ചത്. പക്ഷേ ഒരു കരൾ ദാതാവിനെ അപ്പോഴും ആവശ്യമായിരുന്നു. ശ്രീനാഥിന്‍റെ ഭാര്യയുടെ സഹോദരനുമായി നടത്തിയ ആദ്യ ശ്രമം മെഡിക്കൽ പരിശോധനകൾ വിജയിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടു.

ആ നിർണായകനിമിഷത്തിലാണ് ശ്രീദേവിയുടെ ഭർത്താവായ വിപിൻ കരൾ പകുത്ത് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. ജോയ് ആലുക്കാസിന്‍റെ എംജി റോഡ് ബ്രാഞ്ചിലെ അസിസ്റ്റന്‍റ് മാനേജരാണ് വിപിൻ. ഒരു ജീവൻ രക്ഷിക്കാൻ ആണെങ്കിൽ കൂടിയും ഒരേസമയം ഭാര്യയും ഭർത്താവും ഒരുപോലെ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടിവരുന്ന സവിശേഷ സാഹചര്യത്തെ പ്രോത്സാഹിപ്പിക്കാൻ ആദ്യം ഡോക്ടർമാരും ഒന്നു മടിച്ചു.

രണ്ട് കുട്ടികൾ ഉൾപ്പെടുന്ന ശ്രീദേവിയുടെയും വിപിന്‍റെയും കുടുംബത്തിന് ഇത് ഉയർത്തുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായിരുന്നു. എന്നാൽ വിപിനും ശ്രീദേവിയും തങ്ങളുടെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു.

ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ. ശ്രീനാഥിന്‍റെ രക്തത്തിലെ അണുബാധയും ഫാറ്റി ലിവറും കാരണം ശസ്ത്രക്രിയ രണ്ടുതവണ മാറ്റിവയ്ക്കേണ്ടി വന്നു. ഹെപ്പറ്റോ പാൻക്രിയാറ്റോ ബിലിയറി & അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്‍റ് സീനിയർ കൺസൾട്ടന്‍റ് ഡോ. മാത്യു ജേക്കബിന്‍റെയും നെഫ്രോളജി സീനിയർ കൺസൾട്ടന്‍റ് ആയ ഡോ. വി നാരായണൻ ഉണ്ണിയുടെയും നേതൃത്വത്തിലുള്ള ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

ഏറെ സങ്കീർണമായ ഒരു കേസ് ആയിരുന്നു ഇതെന്നാണ് ഡോക്ടർ മാത്യു ജേക്കബ് പറയുന്നത്. എല്ലാ അപകടസാധ്യതകളും ലഘൂകരിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടിയിരുന്നു. കുടുംബത്തിന്‍റെ ദൃഢനിശ്ചയത്തിനും തങ്ങളുടെ മുഴുവൻ ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര പരിചരണ വിഭാഗങ്ങളുടെയും ഏകോപിത ശ്രമങ്ങൾക്കുമുള്ള ഒരു ആദരമായാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയയ്ക്കും മൂന്നുമാസത്തെ വിശ്രമകാലത്തിനും ശേഷം ശ്രീനാഥും സഹോദരി ശ്രീദേവിയും സഹോദരി ഭർത്താവ് വിപിനും ഇപ്പോൾ പൂർണ്ണ ആരോഗ്യവാന്മാരായി ഇരിക്കുന്നു.
Previous Post Next Post