അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിമുറ്റത്ത് ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം.


സെക്യൂരിറ്റി ജീവനക്കാരനും പള്ളിമേടയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടു പേർക്കും മർദ്ദനമേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. കൈക്ക് അംഗഭംഗം സംഭവിച്ച ഒരാൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പള്ളിമുറ്റത്ത് ബഹളം വയ്ക്കുകയും അസഭ്യം പറയുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.
പള്ളിമുറ്റത്ത് ബഹളം വയ്ക്കരുതെന്ന് പറഞ്ഞ പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പി.ജെ. അജേഷിനെയും പള്ളിമേടയിൽ മാർബിൾ പോളീഷ് ചെയ്യുകയായിരുന്ന ഇത്തിത്താനം സ്വദേശി ബിജുവിനെയും മകനെയും ഇവർ മർദ്ദിക്കുകയായിരുന്നു. തുടർന്ന് സംഘം ഓടി രക്ഷപെട്ടു. ബിജുവിന്റെ തലയിൽ ചില്ലു കുപ്പികൊണ്ട് അടിച്ച് പരിക്കേല്പിച്ചിട്ടുണ്ട്. കൈക്ക് അംഗഭംഗം സംഭവിച്ചയാളാണ് അടിച്ചത്. ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പള്ളി അധികൃതർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. സ്ഥലത്തെത്തിയ പോലീസ് പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസൽ പറഞ്ഞു. ലഹരി സംഘങ്ങൾ അഴിഞ്ഞാടുമ്പോൾ കർശനനടപടികൾ ഉണ്ടാവണമെന്ന ആവശ്യമുയരുകയാണ്
أحدث أقدم